

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി ഡോണള്‍ഡ് ട്രംപ്. സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെന്നാണ് ട്രംപ് പറയുന്നത്. അല്ലെങ്കില്‍ തനിക്ക് വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഇറാന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കാന്‍ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. സൗദിക്കും ഖത്തറിനും പുറമെ കുവൈറ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളും സമാന ആവശ്യം ഉന്നയിച്ചെന്നും ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞു.
എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥനകള്‍ പാലിക്കുമെന്ന് ഉറപ്പില്ലെന്നും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഏത് സമയവും ഇറാനെതിരെ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ യുദ്ധം മൂലമുണ്ടായ പെട്രോള്‍ വില വര്‍ദ്ധനവ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍മാരുടെ പരാജയത്തിന് കാരണമായെന്ന് ട്രംപ് വീണ്ടും സമ്മതിച്ചു.
അതിനിടെ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന് മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ജെ ഡി വാന്‍സ് ഇനി മുതല്‍ ആഭ്യന്തര കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നായിരുന്നു ട്രംപിന്റെ നിര്‍ദേശം. യുദ്ധം അവസാനിപ്പിക്കുന്നതിനായി വാന്‍സ് ഇറാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ നിര്‍ദേശം വരുന്നത്.
ഇറാനും യുഎസുമായി നേരിട്ട് ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ ട്രംപ് വാന്‍സിനോട് അമേരിക്കന്‍ സ്‌റ്റേറ്റുകളില്‍ നടക്കുന്ന അഴിമതികളിലും കുറ്റകൃത്യങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്ന് നിർദേശിക്കുകയായിരുന്നു. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്ക് പാര്‍ട്ടിക്ക് കിട്ടിയ തിരിച്ചടിയെ തുടര്‍ന്നാണ് ഇറാന്‍ സമാധാന കരാറുമായി വാന്‍സ് വീണ്ടും സജീവമായത്. യുദ്ധം വരുത്തിവെച്ച സാമ്പത്തിക നഷ്ടം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഇറാനുമായുള്ള യുദ്ധവും ഇസ്രായേലുമായുള്ള വാഷിംഗ്ടണിന്റെ ബന്ധവുമാണെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പരസ്യമായി സമ്മതിച്ചിരുന്നു. 2024 ല്‍ ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച നിരവധി വോട്ടര്‍മാര്‍ ഭരണകൂടത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി മാറി എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അതിനിടെ ഇറാനെതിരെ ഡോണള്‍ഡ് ട്രംപ് വീണ്ടും യുദ്ധ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇറാനെ ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഇറാനെതിരെ പെട്ടെന്ന് ആക്രമണം നടത്താന്‍ മടിയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlights: Donald Trump claims that Gulf countries, including Saudi Arabia, Qatar, Kuwait, the UAE and Bahrain, asked him to hold off on further attacks against Iran. He says he has delayed the strikes in response to their request.