'ജയിലില്‍ അസം ഖാനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നു'; ആരോപണവുമായി എസ്പി നേതാവ് ശിവ്പാല്‍ സിങ് യാദവ്

അസം ഖാന്റെ കാര്യത്തില്‍ ജയില്‍ പ്രോട്ടോക്കോള്‍ എല്ലാം ലംഘിക്കപ്പെട്ടുവെന്നും ശിവ്പാല്‍ സിങ് യാദവ് കുറ്റപ്പെടുത്തി.

'ജയിലില്‍ അസം ഖാനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നു'; ആരോപണവുമായി എസ്പി നേതാവ് ശിവ്പാല്‍ സിങ് യാദവ്
dot image

ഗാസിയാബാദ്: ജയിലില്‍ വെച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയുമായിരുന്ന അസം ഖാനെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന് എസ്പി നേതാവ് ശിവ്പാല്‍ സിങ് യാദവ്. ദസന ജയിലില്‍ അസം ഖാനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം ഖാന്റെ കാര്യത്തില്‍ ജയില്‍ പ്രോട്ടോക്കോള്‍ എല്ലാം ലംഘിക്കപ്പെട്ടുവെന്നും ശിവ്പാല്‍ സിങ് യാദവ് കുറ്റപ്പെടുത്തി.

Azam Khan
അസം ഖാന്‍

'പ്രോട്ടോക്കോളുകളുടെ നഗ്നമായ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. പത്ത് തവണ എംഎല്‍എ ആയ, നാല് തവണ മന്ത്രിയായ, രണ്ട് തവണ എംപിയായ ഒരാള്‍ക്കാണ് ജയിലില്‍ ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്. ഭക്ഷണവും മറ്റ് സൗകര്യങ്ങളും വരെ എല്ലാ കാര്യത്തിലും അദ്ദേഹത്തിന് പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഭക്ഷണത്തിലൂടെ അടക്കം പല വിധത്തില്‍ അദ്ദേഹത്തിന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമം നടന്നു. എങ്കിലും അദ്ദേഹം ശക്തമായി നിലകൊള്ളുന്നു,' പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ശിവ്പാല്‍ സിങ് യാദവ് പറഞ്ഞു.

Shivpal Singh Yadav
ശിവ്പാല്‍ സിങ് യാദവ്

അസം ഖാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളും വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. 'ഇപ്പോള്‍ ഞങ്ങള്‍ക്ക് രാജ്യത്തിന്റെ ജുഡീഷ്യല്‍ വ്യവസ്ഥയില്‍ മാത്രമേ വിശ്വാസവും പ്രതീക്ഷയുമുള്ളൂ. ഭരണകൂടം അദ്ദേഹത്തെ നിരന്തരം ആക്രമിക്കുകയാണ്. കോടതി അദ്ദേഹത്തിന് ആശ്വാസം നല്‍കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' ശിവ്പാല്‍ പറഞ്ഞു.

റാംപൂരില്‍ പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കായി ഒരു സര്‍വകലാശാല സ്ഥാപിച്ചതിന്റെ പേരിലും അദ്ദേഹം ഒരു മുസ്‌ലിം മതസ്ഥന്‍ ആയതിനാലുമാണ് സര്‍ക്കാര്‍ അസം ഖാനെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജയിലില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെ അസം ഖാന്‍ സമാജ്‌വാദി പാര്‍ട്ടിക്കായി പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖിലേഷ് യാദവിന്റെ അയോധ്യയിലെ രാമക്ഷേത്ര സന്ദര്‍ശനത്തെക്കുറിച്ചും ഇതിനെതിരെ എതിര്‍പ്പുയരുന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും പ്രതികരിച്ച ശിവ്പാല്‍ യാദവ്, ആരും എതിര്‍ക്കുന്നില്ല. ബിജെപി കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പറഞ്ഞു.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും തമ്മിലുള്ള രാഷ്ട്രീയ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തോട്, സഖ്യങ്ങളുണ്ടാക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ ഈ പാര്‍ട്ടികള്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

AIMIM leader Asaduddin Owaisi and Bhim Army leader Chandrashekhar Azad
അസദുദ്ദീന്‍ ഒവൈസിയും ചന്ദ്രശേഖര്‍ ആസാദും

ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിയായ ഖാന് രണ്ട് പാന്‍ കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ ഒക്ടോബര്‍ 31ന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ജയില്‍ മോചിതനായതിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. റാംപൂരില്‍ മൗലാന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഫണ്ടുകളും കരാറുകളും ദുരുപയോഗം ചെയ്‌തെന്നാണ് ഖാനെതിരെ ഇ ഡി ആരോപിക്കുന്നത്.

അസം ഖാന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച സ്വകാര്യ സര്‍വകലാശാലയാണ് മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാല. സര്‍വകലാശാലയുടെ നിര്‍മാണത്തിനായി, പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആരോപണം. നഗര വികസന വകുപ്പ് മന്ത്രിയായും ഉത്തര്‍പ്രദേശ് ജല്‍ നിഗം ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്ന കാലത്ത്, തന്റെ സ്വാധീനം ഉപയോഗിച്ച് അസം ഖാന്‍ ഈ ക്രമക്കേടുകള്‍ നടത്തിയെന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ടിലുള്ളത്.

റാംപൂരിലെ സര്‍വകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും ഇഡി ഈ വര്‍ഷം ഒക്ടോബറില്‍ കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. അസം ഖാനെതിരായ കേസിലാണ് നടപടി.

സര്‍വകലാശാലയുടെ 59 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന ഈ സ്വത്തുക്കള്‍ കണ്ടുകെട്ടിക്കൊണ്ട്, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്റ്റ് (പിഎംഎല്‍എ) പ്രകാരം ഇ ഡി താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ഇ ഡി റെയ്ഡുകള്‍ നടത്തിയിരുന്നു. 499 കോടി രൂപ ചെലവിലാണ് ഈ ഭൂമിയും കെട്ടിടങ്ങളും രജിസ്റ്റര്‍ ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തത്. എന്നാല്‍ ഇവയ്ക്ക് നിലവില്‍ 1,170 കോടി രൂപയുടെ വിപണി മൂല്യമുണ്ടെന്നാണ് ഇ ഡിയുടെ വാദം.

Content Highlight: Samajwadi Party leader Shivpal Singh Yadav has alleged that an attempt was made to kill former Uttar Pradesh minister Azam Khan inside Dasna jail. Speaking to the media after meeting Khan in prison, Yadav also accused the authorities of violating established jail protocols in Khan's case.

dot image
To advertise here,contact us
dot image