യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരായ ഇംപീച്ച്‌മെൻ്റ് നീക്കം ജനപ്രതിനിധിസഭയിൽ പരാജയപ്പെട്ടു

മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് നടന്ന ഇംപീച്ച്മെൻ്റ് നീക്കം പരാജയപ്പെട്ടത് ഹെഗ്സെത്തിന് താൽക്കാലിക ആശ്വാസം നൽകുന്നതാണ്

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരായ ഇംപീച്ച്‌മെൻ്റ് നീക്കം ജനപ്രതിനിധിസഭയിൽ പരാജയപ്പെട്ടു
dot image

വാഷിങ്ടൺ: യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. നിലവിൽ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് മുൻതൂക്കമുള്ള അമേരിക്കൻ ജനപ്രതിനിധിസഭയിൽ പീറ്റ് ഹെഗ്സെത്തിനെതിരായ നീക്കം പരാജയപ്പെടുകയായിരുന്നു. ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട എട്ട് കുറ്റാരോപണങ്ങൾ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് കൈമാറാനുള്ള നടപടിയെ അനുകൂലിച്ച് 211 പേരും എതിർത്ത് 204 പേരും വോട്ട് ചെയ്തു. മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് നടന്ന ഇംപീച്ച്മെൻ്റ് നീക്കം പരാജയപ്പെട്ടത് ഹെഗ്സെത്തിന് താൽക്കാലിക ആശ്വാസം നൽകുന്നതാണ്.

കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസിയാണ് ഹെ​ഗ്സത്തിനെതിരായ ഇംപീച്ച്മെൻ്റ് നീക്കവുമായി മുന്നോട്ട് വന്നത്. ഹെഗ്സെത്തിന്റെ നയങ്ങളിൽ അതൃപ്തിയുള്ള റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ നേടാമെന്ന പ്രതീക്ഷയിലായിരുന്നു മാസി. ഇറാൻ യുദ്ധത്തോടുള്ള ജനങ്ങളുടെ എതിർപ്പും ഇതിന് അനുകൂലമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. എന്നാൽ മറ്റൊരു റിപ്പബ്ലിക്കൻ അംഗവും മാസിയെ പിന്തുണച്ചില്ല. ഡെമോക്രാറ്റുകൾ ഇംപീച്ച്‌മെന്റ് നീക്കത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും 11 പേർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

തനിക്കെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തെ പരിഹാസ്യമായ നടപടിയെന്നും പരാജയപ്പെടാൻ വിധിക്കപ്പെട്ടതെന്നുമാണ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്. യുഎസ് സൈന്യത്തിന്റെ തലപ്പത്തുള്ള തന്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ചുകൊണ്ട് പെന്റഗണിൽ നടത്തിയ അപൂർവ വാർത്താസമ്മേളനത്തിന് മണിക്കൂറുകൾക്കുശേഷമാണ് ജനപ്രതിനിധിസഭയിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന് പിന്നാലെ ഹെഗ്സെത്തിന് പ്രശംസിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ട്രംപ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഹെഗ്സെത്തിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം ദയനീയമായി പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ, വെനസ്വേല തുടങ്ങിയ വിഷയങ്ങളിൽ ഹെഗ്സെത്ത് നടത്തിയ ഇടപെടലുകൾ ഒരു മികച്ച അമേരിക്കൻ ദേശസ്‌നേഹിയെ കുറ്റവിമുക്തനാക്കുന്നതിന് വഴിയൊരുക്കിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വോട്ടെടുപ്പിന് മുമ്പ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് ഹെഗ്സെത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. അധികാരം ദുരുപയോഗം ചെയ്ത ഹെഗ്സെത്ത് അമേരിക്കയുടെ ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തിയെന്നും ഇറാനിലെ അശ്രദ്ധവും ചെലവേറിയതുമായ യുദ്ധത്തിന്റെ പ്രധാന ശിൽപ്പി അദ്ദേഹമാണെന്നും ജെഫ്രീസ് ആരോപിച്ചു. എന്നാൽ ഇറാനുമായുള്ള സംഘർഷത്തെ ഹെഗ്സെത്ത് ആവർത്തിച്ച് ന്യായീകരിച്ചു. ട്രംപിന്റെ ധീരതയെ പ്രശംസിച്ച അദ്ദേഹം ഇറാന്റെ സൈനികശക്തി തകർക്കപ്പെട്ടതായും അവകാശപ്പെട്ടു. യുദ്ധം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഗുരുതരമായ അധികാരദുരുപയോഗവും കുറ്റകൃത്യങ്ങളും നടത്തിയെന്ന മാസിയുടെ ആരോപണങ്ങൾക്കിടയിലും യുഎസ് സൈന്യത്തിന് നൽകിയ തന്റെ ഉത്തരവുകൾ നിയമാനുസൃതമായിരുന്നുവെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി. ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള ചരിത്രത്തിന്റെ വിലയിരുത്തൽ ഇപ്പോഴത്തെ പൊതുവായ ധാരണയിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്നും ഹെ​ഗ്സത്ത് പ്രതികരിച്ചു.

വോട്ടെടുപ്പ് ഫലത്തിൽ നിരാശ പ്രകടിപ്പിച്ച തോമസ് മാസി, റിപ്പബ്ലിക്കൻ അംഗങ്ങളെ മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക് കപ്പലിൽനിന്ന് ഇറങ്ങാൻ തയ്യാറാകാത്ത യാത്രക്കാരോടാണ് ഉപമിച്ചത്. കപ്പൽ മുങ്ങുകയാണെന്ന് അവർക്കറിയാം. എന്നിട്ടും അതിൽത്തന്നെ തുടരാനാണ് അവർ തീരുമാനിച്ചിരിക്കുന്നത് എന്നായിരുന്നു മാസിയുടെ പ്രതികരണം. തോമസ് മാസിയുടെ നീക്കം വിജയിച്ചിരുന്നെങ്കിൽ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ യുഎസ് പ്രതിരോധ സെക്രട്ടറിയാകുമായിരുന്നു ഹെഗ്സെത്ത്. അമേരിക്കൻ സൈന്യത്തിന്റെ സിവിലിയൻ തലവനെ അവസാനമായി ഇംപീച്ച് ചെയ്തത് 1876ലാണ്. അന്ന് യുദ്ധകാര്യ സെക്രട്ടറിയായിരുന്ന വില്യം ബെൽക്നാപ്പായിരുന്നു ഇംപീച്ച് ചെയ്യപ്പെട്ടത്.

Content Highlights: The impeachment effort against US Defense Secretary Pete Hegseth has failed in the House of Representatives, marking a setback for the move to remove him from office

dot image
To advertise here,contact us
dot image