'പാർട്ടി രാധയെ സംരക്ഷിക്കുന്നത് കണ്ണിലെ കൃഷ്ണമണി പോലെ, ആശുപത്രി ബില്ലുകൾ അടയ്ക്കുന്നത് AKG സെൻ്ററിൽ നിന്ന്'

ഇഎംഎസിൻ്റെ മകള്‍ രാധയെ സിപിഐഎം തിരിഞ്ഞുനോക്കുന്നില്ലെന്നുള്ള പ്രചരണം കല്ലുവെച്ച നുണയെന്ന് രാധയുടെ ഭര്‍ത്താവ് സി കെ ഗുപ്തന്‍

'പാർട്ടി രാധയെ സംരക്ഷിക്കുന്നത് കണ്ണിലെ കൃഷ്ണമണി പോലെ, ആശുപത്രി ബില്ലുകൾ അടയ്ക്കുന്നത് AKG സെൻ്ററിൽ നിന്ന്'
dot image

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ എം രാധയെ സിപിഐഎം തിരിഞ്ഞുനോക്കുന്നില്ലെന്നുള്ള പ്രചരണം കല്ലുവെച്ച നുണയെന്ന് രാധയുടെ ഭര്‍ത്താവ് സി കെ ഗുപ്തന്‍. പാര്‍ട്ടി രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്. ചികിത്സാ സംബന്ധമായ ആശുപത്രിയില്‍ നിന്നുമുള്ള ബില്ലുകള്‍ മുഴുവന്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇഎംഎസിന്റെ കുടുംബത്തെ അപമാനിക്കും വിധമുള്ള പ്രചാരവേലയില്‍ ആരും കുടുങ്ങിപോകരുതെന്നും ഗുപ്തന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗുപ്തന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ഒരു പ്രസ്താവയും ഗുപ്തന്‍ പുറത്തിറക്കിയിരുന്നു.

സി കെ ഗുപ്തൻ

മാധ്യമപ്രവര്‍ത്തകനായ റിഷി കമാല്‍ മനോജാണ് രാധയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചും പാര്‍ട്ടി അവരെ തിരിഞ്ഞുനോക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഇതിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. രാധയെ സിപിഐഎം അവഗണിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വി ജോയ് പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് രാധ ചേച്ചിയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. ആ സമയത്ത് ഐസിയുവില്‍ ആയിരുന്നു. ആരെയും അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സി ടി സ്‌കാന്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് കണ്ടിരുന്നു. കാണുന്ന സമയത്ത് ആരോഗ്യം മെച്ചമായിരുന്നില്ല. എന്തോ വിഷമമുള്ളതായിട്ട് തോന്നിയിരുന്നു. ആ സമയം രാധ ചേച്ചിയുടെ ഭര്‍ത്താവ് ഗുപ്തനും ഒപ്പമുണ്ടായിരുന്നു. രാധ ചേച്ചിയുടെ ചികിത്സാ ചെലവ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് നോക്കുന്നുണ്ടായിരുന്നുവെന്നും വി ജോയ് പറഞ്ഞിരുന്നു.

ഇ എം രാധ

Also Read:

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു രാധയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ലെന്നും റിഷി കമാര്‍ മനോജ് ആരോപിച്ചത്. ഇഎംഎസിന്റെ മകള്‍ രാധ കടുത്ത രോഗബാധയില്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതായി ഒരു കുടുംബ സുഹൃത്ത് വിളിച്ച് പറഞ്ഞുവെന്നാണ് റിഷി കമാല്‍ പറഞ്ഞത്. പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് കാര്യമായ കരുതലൊന്നുമില്ലെന്ന പരിഭവവും കുടുംബത്തിനുണ്ടെന്നാണ് സുഹൃത്ത് വഴി അറിയാന്‍ കഴിഞ്ഞതെന്നും കുറിപ്പിലുണ്ടായിരുന്നു.

'സിപിഐഎമ്മിന്റെ ഏറ്റവും വലിയ താത്വികാചാര്യനായ ഇഎംസിന്റെ കുടുംബത്തിലെ ഒരാള്‍ ഗുരുതരമായ രോഗശയ്യയിലായിട്ടും പാര്‍ട്ടി അതറിയാതെ പോകുന്നത് ഖേദകരമാണ്. ഇ എം രാധ ദേശാഭിമാനിയിലും ചിന്തയിലുമായി ഏറെ നാള്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടിയുടെ ഭാഗമായി നിന്ന സഖാവാണ്. ഇപ്പോള്‍ അവര്‍ നേരിടുന്ന അവഗണന പാര്‍ട്ടി പ്രവര്‍ത്തകരെയും അനുയായികളെയും വിഷമിപ്പിക്കുന്നതാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വയോജന വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന വനിതാ മന്ത്രി ഇ എം രാധയുടെ ചികിത്സാ സഹായ അപേക്ഷ നിരസിച്ചിരുന്നതായും കേള്‍ക്കുന്നു. അത് സത്യമാണെങ്കില്‍ ക്ഷമിക്കാവുന്ന കാര്യമല്ല. തിരുവനന്തപുരത്തെ പാര്‍ട്ടി നേതാക്കളെങ്കിലും വേഗം ഇടപെടേണ്ടുന്ന ഗൗരവ വിഷയമാണിത്', എന്നും റിഷി കമാല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

Content Highlights- C K Guptan, husband of Radha, has stated that CPI(M) is providing her with care and support. He said the party is looking after her like family and that her hospital bills are being paid by the AKG Centre.

dot image
To advertise here,contact us
dot image