

പാരീസ്: ഫ്രാന്‍സില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ റഫ്രിജറേറ്ററുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായ സംഭവത്തിന് പിന്നില്‍ ഇറാനെന്ന ആരോപണവുമായി ഫ്രഞ്ച് അധികൃതര്‍ രംഗത്ത്. കഴിഞ്ഞ മാസം നടന്ന ആക്രമണത്തില്‍ ഇറാന് വലിയ വില നല്‍കേണ്ടി വരുമെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ഒക്ടോബര്‍ തുടക്കത്തില്‍ നൂറുകണക്കിന് ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റുകളെയാണ് സൈബര്‍ ആക്രമണങ്ങള്‍ ബാധിച്ചത്. ഫെബ്രുവരിയില്‍ ആരംഭിച്ച ഇറാന് യുദ്ധത്തിലെ ഏറ്റവും വിനാശകരമായ സൈബര്‍ ആക്രമണങ്ങളില്‍ ഒന്നാണ് ഇതെന്നാണ് ഫ്രാന്‍സ് ആരോപിക്കുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പല സംഭവങ്ങളും ഈ സംഘര്‍ഷത്തിന്റെ ഭാഗമായി നടന്നിട്ടുണ്ട്. മാര്‍ച്ചില്‍ ലോസ് ഏഞ്ചല്‍സ് ഗതാഗത സംവിധാനത്തിന് നേരെയും, ജൂലൈയില്‍ യുഎസിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ക്ക് നേരെയും, ഓഗസ്റ്റില്‍ അമേരിക്കയിലേക്ക് തിരിച്ച കപ്പലുകള്‍ക്ക് നേരെയും നടന്ന ഹാക്കിംഗ് ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നെന്നാണ് വിലയിരുത്തല്‍.
സംഭവത്തില്‍ ഐക്യരാഷ്ട്രസഭയിലെ ഇറാനിയന്‍ പ്രതിനിധി സംഘത്തോട് പ്രതികരണം ആരാഞ്ഞെങ്കിലും അവര്‍ മറുപടി നല്‍കിയില്ല. ദോഷകരമായ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഇറാന് പതിവായി നിഷേധിക്കാറുണ്ടെന്നാണ് ആരോപണം. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് ഫ്രാന്‍സിന്റെ പ്രഖ്യാപനം വന്നത്. ഇറാനിയന്‍ അംബാസഡറെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് അറിയിച്ചു. ഇറാനെതിരെ യൂറോപ്യന്‍ യൂണിയന് വഴി കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഒക്ടോബര്‍ 1-ന് നടന്ന ഹാക്കിംഗ് സംഭവങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ചില റഫ്രിജറേറ്ററുകളിലെ താപനില അമിതമായി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് അവയ്ക്ക് തീപിടിച്ചു. സംഭവത്തിന് ശേഷമുള്ള മണിക്കൂറുകളില്‍, സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ കേടായ മാംസവും ഉരുകിയ ഐസ്ക്രീമും നിറച്ച പെട്ടികള്‍ വലിയ മാലിന്യക്കൂമ്പാരങ്ങളിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാജ്യത്തുടനീളമുണ്ടായ ഈ ആക്രമണം മൂലം കോടിക്കണക്കിന് യൂറോയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായി എന്നാണ് കണക്ക്. ഫ്രാന്‍സിലുണ്ടായ ഹാക്കിംഗ് ആക്രമണങ്ങള്‍ക്ക് പിന്നാലെ, ഈ മാസം യൂറോപ്പിലുടനീളമുള്ള നൂറിലധികം സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് രണ്ടാമതൊരു ഹാക്കിംഗ് ആക്രമണം കൂടി നടന്നിരുന്നു. ഫ്രഞ്ച് ബ്ലഡ് ബാങ്കുകളില്‍ ഉപയോഗിക്കുന്ന റഫ്രിജറേറ്ററുകളെയും ഇത് ബാധിച്ചു. ഇതുമൂലം അവിടെയുണ്ടായിരുന്ന രക്തശേഖരത്തില്‍ ഒരു ഭാഗം മറ്റ് ശീതീകരണ സംവിധാനങ്ങളിലേക്ക് മാറ്റേണ്ടതായി വന്നിരുന്നു.

ഫ്രഞ്ച് രഹസ്യാന്വേഷണ, സൈബര്‍ ഏജന്‍സികള്‍ സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, ഹാക്കിംഗിന് പിന്നില്‍ 'ഷാഹിദ് കാവേ' എന്ന സംഘമാണെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഒരു സൈബര്‍ ആക്രമണ വിഭാഗമായാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹമീദ് റെസ ലഷ്ഗരിയന്, മഹ്ദി ലഷ്ഗരിയന്, റെസ സലാര്വന്ദ് എന്നിങ്ങനെ മൂന്ന് പേരെയും ഇതില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. 'സൈബര്‍ അവെഞ്ചേഴ്സ്', 'സൈബര്‍ ഇസ്നാദ് ഫ്രണ്ട്' തുടങ്ങിയ പേരുകളില്‍, സ്വയം 'വിജിലന്റെ ഹാക്കര്‍മാര്‍' എന്ന് അവകാശപ്പെടുന്ന നിരവധി വ്യാജ ഗ്രൂപ്പുകളിലൂടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് ഫ്രഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിക്കാന്‍ അഭ്യര്‍ത്ഥിച്ചതായി പാരീസ് പ്രോസിക്യൂട്ടര്‍മാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഫ്രിഡ്ജുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറുമായി ഈ സംഭവങ്ങളെ അന്വേഷണണത്തില്‍ ബന്ധിപ്പിച്ച് പരിശോധന നടന്നു. ഹാക്കിംഗ് രീതികള്‍ ഷാഹിദ് കാവെ നടത്തിയ മറ്റ് ആക്രമണങ്ങളുമായും സംഭവത്തെ ഒത്തുനോക്കി. ആക്രമണത്തിന് ഉപയോഗിച്ച സംവിധാനങ്ങളില്‍ പേര്‍ഷ്യന്‍ (ഫാര്‍സി) ഭാഷയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതിലൂടെയാണ് ഷാഹിദ് കാവെയാണ് ഇതിന് പിന്നിലെന്ന് ഫ്രഞ്ച് അധികൃതര്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രാന്‍സിലുടനീളം 700ഓളം വാണിജ്യ സ്ഥാപനങ്ങള്‍ ആക്രമണത്തിന് ഇരയായെന്നും, ഹാക്കര്‍മാര്‍ താപനില ക്രമാതീതമായി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് കുറഞ്ഞത് 15 സ്ഥലങ്ങളില്‍ തീപിടുത്തമുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബാധിക്കപ്പെട്ടവയില് ഭൂരിഭാഗവും സൂപ്പര്മാര്ക്കറ്റുകളാണെങ്കിലും, ചെറിയ ഇറച്ചിക്കടകള്‍, ഒരു അറവുശാല, ഭക്ഷ്യ സംസ്കരണ ഫാക്ടറികള്‍ എന്നിവയും ഇതിന്റെ ഇരകളായിട്ടുണ്ട്. സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരും സാങ്കേതിക കമ്പനികളും ഈ ഹാക്കിംഗ് സംഭവങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. ഒക്ടോബറില്‍ നടന്ന ശീതീകരണ സംവിധാനങ്ങള്‍ക്കെതിരായ അട്ടിമറിക്ക് പിന്നില്‍ ഇറാനാണെന്ന് മൈക്രോസോഫ്റ്റ് രണ്ടാഴ്ച മുമ്പ് തന്നെ തിരിച്ചറിഞ്ഞിരുന്നതായി ചില വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറായില്ല.
Content Highlights: French authorities have accused Iran of being behind a cyberattack targeting refrigeration systems in hundreds of supermarkets in October. France has warned that Iran will face significant consequences over the incident. French officials have described the attack as one of the most damaging cyber operations linked to the conflict that began in February. Other reported incidents during the conflict have targeted transport systems in Los Angeles, water treatment facilities in the US and ships bound for American ports.