

കറാച്ചി: പാകിസ്താനില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗി ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. സിന്ധ് പ്രവിശ്യയിലെ ഥാര്‍പാര്‍ക്കര്‍ ജില്ലയിലുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. രോഗിയുടെ ബന്ധുക്കള്‍, ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ എന്നിവര്‍ അടക്കമാണ് കൊല്ലപ്പെട്ടതെന്ന് ജില്ലാ പൊലീസ് മേധാവി ആരിഫ് അസീസ് പറഞ്ഞു.
സ്ഫോടനത്തിന് പിന്നാലെ ആരോഗ്യകേന്ദ്രത്തിലുണ്ടായിരുന്ന രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച പാകിസ്താന് രാഷ്ട്രപതി ആസിഫ് അലി സര്‍ദാരി, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്ലാമാബാദിലെ പാകിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ എസി പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ 14 നവജാത ശിശുക്കള്‍ മരിച്ചിരുന്നു. രക്ഷപ്പെട്ട ഒരു കുഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ 15 ആയി ഉയരുകയും ചെയ്തിരുന്നു.
Content Highlights: An oxygen cylinder in an ambulance ruptured in Pakistan, resulting in the deaths of 10 people, including the patient