

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ അടിസ്ഥാന സൗകര്യങ്ങളിലും ആക്രമണം തുടരുമെന്ന് ഹൂതികള് ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് ഹൂതികളുടെ മുന്നറിയിപ്പ്. സൗദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ ആസ്ഥാനത്തിന് നേരെ ഹൂതികള് ആക്രമണം നടത്തി. സൗദി അറേബ്യയുടെ കിഴക്കന് പ്രവിശ്യയിലെ ദഹ്റാനില് രാത്രിയിലാണ് ആക്രമണമുണ്ടായത്. അരാംകോയുടെ ചീഫ് എക്സിക്യൂട്ടീവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന ഓഫീസുകള് ഉള്പ്പെടെ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ മൂന്ന് നിലകള്ക്ക് കേടുപാടുകള് സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്ട്ട് ചെയ്തു.
ചൊവ്വാഴ്ച രാത്രി കെട്ടിടത്തിലുണ്ടായ ചെറിയ തീപിടിത്തത്തെക്കുറിച്ച് സൗദി അറേബ്യയുടെ ഊര്ജ്ജ മന്ത്രാലയം അറിയിച്ചു. എന്നാല്, ഇക്കാര്യത്തില് അരാംകോ ഉടന് പ്രതികരിച്ചില്ലെന്ന് എപി റിപ്പോര്ട്ട് ചെയ്തു. ബുധനാഴ്ച ഹൂതികള് സൗദി തലസ്ഥാനത്തെ ലക്ഷ്യമാക്കി ആക്രമണം തുടര്ന്നിരുന്നു. റിയാദിന് മുകളില് സ്ഫോടനങ്ങള് നടന്നതായി പ്രദേശവാസികള് വ്യക്തമാക്കിയതായാണ് അന്താരാഷ്ട്രമാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. നഗരത്തില് വ്യോമാക്രമണ മുന്നറിയിപ്പുകളും മുഴങ്ങിയിരുന്നു. നിര്വീര്യമാക്കിയ ഡ്രോണിന്റെ അവശിഷ്ടങ്ങള് വീണ് ഒരാള്ക്ക് പരിക്കേറ്റതായി സൗദി അധികൃതര് അറിയിച്ചു. റിയാദ്, ദഹ്റാന്, അല്-ഖര്ജ് നഗരങ്ങള് ലക്ഷ്യമാക്കി ഹൂതികള് തൊടുത്തുവിട്ട നിരവധി മിസൈലുകളും ഡ്രോണുകളും തടസ്സപ്പെടുത്തിയതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും അറിയിച്ചു.
യമന് തലസ്ഥാനമായ സനായില് സൗദി അറേബ്യ നടത്തിയ ആക്രമണങ്ങള്ക്കുള്ള തിരിച്ചടിയായാണ് ഹൂതികളുടെ ആക്രമണം. വരും ദിവസങ്ങളിലും സൗദി അറേബ്യയുടെ അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും എണ്ണ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം തുടരുമെന്ന് ബുധനാഴ്ച ഹൂതികള് പ്രഖ്യാപിച്ചു. ഗള്ഫ് മേഖലയിലെ ഊര്ജ്ജ അടിസ്ഥാന സൗകര്യങ്ങള്ക്കു നേരെയുള്ള ആക്രമണങ്ങളും, അതുമൂലം എണ്ണ വിതരണത്തിലുണ്ടാകാന് സാധ്യതയുള്ള തടസ്സങ്ങളും കണക്കിലെടുത്ത് ബുധനാഴ്ച എണ്ണവില വര്ധിച്ചിരുന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള് 37 സെന്റ് ഉയര്ന്ന് ബാരലിന് 106.06 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റര്മീഡിയറ്റ് ക്രൂഡ് 95 സെന്റ് വര്ധിച്ച് 95.09 ഡോളറിലുമെത്തിയെന്ന് 'ദി വാള് സ്ട്രീറ്റ് ജേണല്' റിപ്പോര്ട്ട് ചെയ്തു.
ഹൂതികള്ക്കെതിരായ സൗദിയുടെ ആക്രമണങ്ങളില് പങ്കുചേരുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്, അമേരിക്കന് സൈന്യം ഇടപെട്ടാല് മിഡില് ഈസ്റ്റിലുടനീളമുള്ള യുഎസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട കേന്ദ്രങ്ങളേയും ആക്രമിക്കുമെന്ന് ഹൂതികള് ഭീഷണി മുഴക്കിയിട്ടുണ്ട്. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില ഉയര്ത്താന് വിമതര് ശ്രമിക്കുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. സൗദി അറേബ്യയ്ക്കെതിരായ ഹൂതികളുടെ ആക്രമണങ്ങള് താന് മറക്കില്ലെന്നായിരുന്നു അമേരിക്കന് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
യമനില് സൗദി പിന്തുണയുള്ള സേനകളും ഇറാന് അനുകൂലികളായ വിമതരും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതിനിടെയാണ് ഈ പുതിയ ആക്രമണങ്ങള് ഉണ്ടായിരിക്കുന്നത്. മേഖലയില് നടക്കുന്ന വിശാലമായ യുദ്ധത്തിനിടയിലും ഹൂതികള് തങ്ങളുടെ പ്രവര്ത്തനങ്ങള് വിപുലീകരിച്ചിട്ടുണ്ട്. യമനിലെ വലിയൊരു പ്രദേശം നിലവില് ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇവര്ക്ക് ഇറാനില് നിന്ന് ദീര്ഘകാലമായി പിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം, യമനില് ദീര്ഘകാലമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില് ഹൂതികള്ക്ക് അവരുടേതായ ലക്ഷ്യങ്ങളുമുണ്ടെന്നാണ് വിലയിരുത്തല്.
Content Highlights: The Houthis announced on Wednesday that they would continue targeting airports and oil infrastructure in Saudi Arabia despite warnings from US President Donald Trump. An overnight incident reportedly damaged the top three floors of Saudi Aramco’s headquarters in Dhahran, including offices used by its chief executive and other senior officials, according to the Associated Press.