

പാരീസ്: ഫ്രാന്‍സില്‍ ജെന്‍ ആല്‍ഫ സമരം രൂക്ഷമാവുന്നു. പാരീസില്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കും. 40,000 വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. ലിയോണും മാഴ്‌സെയും അടക്കം 10 പ്രധാന നഗരങ്ങളിലും മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 200 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുവരെ പൊലീസ് 5000 ലേറെ പേരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള മിക്കവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്.
പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തില്‍ 15 കാരന്റെ കൈപ്പത്തി തകര്‍ന്നു. കഴിഞ്ഞയാഴ്ച മറ്റൊരു വിദ്യാര്‍ഥിയുടെ തലയില്‍ കണ്ണീര്‍വാതക ഗ്രനേഡ് പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധത്തിനിടെ കുറഞ്ഞത് 190 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും 5,000ത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറുകണക്കിന് സ്‌കൂളുകളാണ് വിദ്യാര്‍ഥികള്‍ ഉപരോധിച്ചത്.
വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണം ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്. പാരീസില്‍ സെപ്റ്റംബറില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നു. ക്ലാസ് മുറികളിലെ തിരക്ക്, മോശം അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെ കുറവ് തുടങ്ങിയ വിഷയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ഉന്നയിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചത് 'വ്യക്തമായ നിർദേശങ്ങളല്ലെ'ന്നാണ് പ്രധാന പ്രതിഷേധ സംഘടനയായ യൂണിയന്‍ സിന്‍ഡികേല്‍ ലൈസീന്‍ ആരോപിച്ചത്. രാഷ്ട്രീയ പ്രതിസന്ധിയും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനെതിരായ കടുത്ത നടപടികളും ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ചത്തെ പ്രതിഷേധത്തിന് സംഘടന ആഹ്വാനം ചെയ്തത്. അധ്യാപക സംഘടനകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: France’s Gen Alpha-led student protests are intensifying, with major rallies planned across Paris and other cities as students demand better education infrastructure, reduced classroom overcrowding and more teachers