

കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രക്രിയ ആകെ അട്ടിമറിക്കുകയാണ്. ജനങ്ങളുടെ അവകാശം ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ജനാധിപത്യപരമായല്ല. ഗ്യാനേഷ് കുമാര്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ദൗത്യം നിര്‍വഹിക്കാനുള്ള കസേരയില്‍ ഇരിക്കുന്നു എന്നേയുള്ളൂ. ഗ്യാനേഷ് കുമാറിനെ സംരക്ഷിച്ചുപോകാം എന്നാണ് ബിജെപിയും ആര്‍എസ്എസും ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കോഴിക്കോടായിരുന്നു പിണറായി വിജയൻ്റെ പ്രതികരണം.
കേരള ഐഎഎസിൽ ഉണ്ടായിരുന്ന ആളാണ് ഗ്യാനേഷ് കുമാർ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനം നല്ലതല്ലെന്ന് കണ്ട് നടപടിയുണ്ടായി. വി എസ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാര്‍ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലയുണ്ടായി. എ കെ ആന്റണി കൈകാര്യം ചെയ്ത വകുപ്പിലേക്ക് അദ്ദേഹം മാറി. ഗ്യാനേഷ് കുമാറിനുള്ളത് ക്ലീന്‍ ഇമേജല്ല. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാമെന്ന ബിജെപിയുടെ വ്യാമോഹം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെയും പിണറായി വിജയന്‍ രംഗത്തെത്തി. വിചിത്രമായ സംഭവമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസ് അജണ്ടയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പിഎം ശ്രീ അടക്കം അതിന് ഉദാഹരണമാണ്. സംസ്ഥാന സര്‍ക്കാര്‍ പ്ലാനിങ് ബോര്‍ഡിനെ നോക്കുകുത്തിയാക്കുകയാണ്. പ്ലാനിങ് ബോര്‍ഡിന്റെ ചുമതല സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുന്ന സ്ഥിതിയാണുള്ളതെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. ബിജെപി അജണ്ട നടപ്പിലാക്കാനാണ് ശ്രമം. പ്ലാനിങ് ബോര്‍ഡ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷ വിവാദത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. എന്തുമാകാം എന്ന നിലപാടിലേക്ക് പൊലീസ് എത്തുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. വൈര്യ നിരാധന ബുദ്ധിയോടെയാണ് പൊലീസ് വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത്. കേരളം ഇതേവരെ സ്വീകരിച്ച എല്ലാ നിലപാടുകളും തകര്‍ക്കുകയാണ്. ഗവര്‍ണറുമായി തര്‍ക്കത്തിനില്ല എന്നാണ് പറയുന്നത്. തര്‍ക്കിക്കേണ്ടിടത്ത് തര്‍ക്കിക്കേണ്ടേ. എന്തൊരു വിധേയത്വമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
Content Highlights- Opposition Leader Pinarayi vijayan said the BJP’s expectation of protecting Gyanesh Kumar would not become a reality. The remarks criticized the BJP’s position on Kumar and were made amid an ongoing political dispute.