

സൗദി അറേബ്യയിൽ നിയമവിരുദ്ധമായി കഴിയുന്ന മുഴുവൻ യമൻ സ്വദേശികൾക്കും പൗരത്വം നൽകാനുള്ള നടപടികൾ ആരംഭിക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം. സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശത്തെത്തുടർന്നാണ് ഈ നിർണ്ണായക തീരുമാനം. യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് മുഹമ്മദ് അൽ അലിമിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടി.
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, മാനവ വിഭവശേഷി സാമുഹിക വികസന മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി എന്നിവയുടെ സംയുക്ത ഏകോപനത്തോടെയാണ് ഈ നടപടികൾ പൂർത്തിയാക്കുക. യമൻ ജനതയോടുള്ള സൗദി അറേബ്യയുടെ നിരന്തരമായ പിന്തുണയുടെയും സഹോദരതുല്യമായ നിലപാടിന്റെയും തുടർച്ചയായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന യമൻ പൗരന്മാരുടെ കൈവശം സാധുവായ പാസ്‌പോർട്ട് ഉണ്ടായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. രേഖകൾ ശരിയാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്ന തീയതിയും അതിനുള്ള നിബന്ധനകളും ആവശ്യമായ യോഗ്യതകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടിന്റെയും (ജവാസാത്ത്) മറ്റ് ബന്ധപ്പെട്ട അതോറിറ്റികളുടെയും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഉടൻ പുറത്തുവിടും.
ഈ ആനുകൂല്യം ലഭ്യമാകുന്ന കാലയളവിനെക്കുറിച്ചോ ഏതൊക്കെ രീതിയിലുള്ള റെസിഡൻസി സ്റ്റാറ്റസ് ഉള്ളവർക്കാണ് ഇത് ബാധകമാകുക എന്നതിനെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം നിലവിൽ വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Saudi Arabia has ordered the regularisation of the status of Yemeni nationals staying in the Kingdom without legal residency. A valid Yemeni passport is required to benefit from the process.