

യുവ ഓപ്പണര്‍ അഭിഷേക് ശര്‍cയെയും കൗമാരതാരം വൈഭവ് സൂര്യവംശിയെയും പ്രശംസിച്ച് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. ഇരുവരും ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാവി വാഗ്ദാനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുഗ്രാമില്‍ നടന്ന കോര്‍പ്പറേറ്റ് ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ടീമില്‍ സ്വന്തമായി ഇടമുറപ്പിച്ച കളിക്കാരനാണ് അഭിഷേക് ശര്‍മയെന്ന് ജയസൂര്യ പറഞ്ഞു. ടീമിലെ തന്റെ ഉത്തരവാദിത്തവും സ്ഥാനവും എന്താണെന്ന് വ്യക്തമായി മനസ്സിലാക്കി രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ അഭിഷേകിന് സാധിക്കുന്നുണ്ട്. ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ഇത്തരം യുവപ്രതിഭകള്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കുന്നു എന്നതിന്റെ ശുഭസൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ അഭിഷേക് മിന്നുന്ന സെഞ്ചുറി നേടിയിരുന്നു. വെറും 34 പന്തില്‍ നിന്ന് 108 റണ്‍സ് അടിച്ചുകൂട്ടിയ താരം 30 പന്തിലാണ് സെഞ്ചുറി തികച്ചത്. മത്സരത്തിലെയും പരമ്പരയിലെയും മികച്ച കളിക്കാരനായി അഭിഷേക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം, 15-കാരനായ വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആവേശകരമായ ഭാവി വാഗ്ദാനമെന്നാണ് ജയസൂര്യ വിശേഷിപ്പിച്ചത്. എന്നാല്‍ താരം ഇനിയും ഏറെ മുന്നേറാനുണ്ടെന്നും കഠിനാധ്വാനം തുടരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ദുലീപ് ട്രോഫിയില്‍ അര്‍ധസെഞ്ചുറി നേടുന്ന കളിക്കാരനെന്ന 57 വര്‍ഷത്തെ റെക്കോര്‍ഡ് അടുത്തിടെ വൈഭവ് സ്വന്തമാക്കിയിരുന്നു. സെന്‍ട്രല്‍ സോണിനെതിരായ സെമിഫൈനലില്‍ ഈസ്റ്റ് സോണിനായി 81 പന്തില്‍ 92 റണ്‍സും രണ്ടാമത്തെ ഇന്നിങ്‌സില്‍ നിര്‍ണായകമായ 40 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ പങ്കാളിയായി.
ഐപിഎല്‍ 2026 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 237.30 സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയാണ് വൈഭവ് ശ്രദ്ധേയനായത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും അടങ്ങുന്നതായിരുന്നു പ്രകടനം. സീസണിലെ മുന്‍നിര റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളും താരം സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും വൈഭവ് പേരില്‍ കുറിച്ചു.
content highlights: Abhishek Sharma and Vaibhav Suryavanshi are the Future of Indian Cricket: Sanath Jayasuriya