

ലഖ്‌നൗ: നിതാരി കൊലപാതക പരമ്പരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദ്ര കോലിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സഹോദരന്റേത് ആത്മഹത്യയല്ലെന്നും മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് സഹോദരന്‍ ചന്ദന്‍ കോലി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സപ്തറിഷി പൊലീസ് സ്റ്റേഷനില്‍ ചന്ദന്‍ കോലി പരാതി നല്‍കി. സഹോദരന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണണെന്നാണ് ചന്ദന്‍ കോലി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സുരേന്ദ്ര കോലി ആത്മഹത്യ ചെയ്യില്ലെന്നാണ് ചന്ദന്‍ കോലി പറയുന്നത്. സുരേന്ദ്ര കോലിയുടെ ശരീരത്തില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കണ്ടിരുന്നു. മൂക്കില്‍ നിന്നും വായില്‍ നിന്നുമാണ് രക്തം ഒലിച്ചിറങ്ങുന്നത് കണ്ടത്. കഴുത്തില്‍ ചുറ്റിയ നിലയില്‍ ഒരു കയറും കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയുടെ ലക്ഷണങ്ങളല്ല. സഹോദരന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണം. സുരേന്ദ്രയെ കൊലപ്പെടുത്തിയതെങ്കില്‍ നടപടി വേണമെന്നും ചന്ദന്‍ കോലി പറഞ്ഞു. അതേസമയം സുരേന്ദ്ര കോലിയുടെ മരണത്തില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. സുരേന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയ ചായക്കടയ്ക്ക് സമീപമുള്ള കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. സുരേന്ദ്രയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനെട്ടിനായിരുന്നു സുരേന്ദ്ര കോലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സുരേന്ദ്ര നടത്തിവന്നിരുന്ന ചായക്കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരായിരുന്നു സുരേന്ദ്ര കോലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചത് നിതാരി കൊലപാതക പരമ്പര കേസിലെ പ്രതിയായിരുന്ന സുരേന്ദ്ര കോലിയാണെന്ന് വ്യക്തമായത്.
2005-2006 കാലഘട്ടത്തിലായിരുന്നു നോയിഡയിലെ നിതാരിയില്‍ കൊലപാതക പരമ്പര അരങ്ങേറിയത്. 2006 ഡിസംബറില്‍ പ്രദേശത്തെ ഡ്രെയ്‌നേജില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായിരുന്ന മൊനീന്ദര്‍ സിങ് പാന്തറിന്റെ വീടിന് മുന്നില്‍ നിന്നായിരുന്നു അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഈ വീട്ടിലെ ജോലിക്കാരനായിരുന്നു സുരേന്ദ്ര കോലി. മൊനീന്ദറിനെയും സുരേന്ദ്രയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതക പരമ്പര ചുരുളഴിയുകയുമായിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്തു.
കേസില്‍ വിചാരണക്കോടതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അലഹബാദ് ഹൈക്കോടതി 2009ല്‍ സുരേന്ദ്ര കോലിക്ക് വധശിക്ഷ വിധിച്ചു. കൂട്ടുപ്രതിയായ മൊനീന്ദര്‍ സിങ് പാന്തറിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. അപ്പീലുമായി സുരേന്ദ്ര കോലി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2011ല്‍ തള്ളി. തുടര്‍ന്ന് 2014ല്‍ സുരേന്ദ്ര കോലി തിരുത്തല്‍ ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി 2011ലെ ഉത്തരവ് തിരുത്തി. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് നിരീക്ഷിച്ച് സുരേന്ദ്ര കോലിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
Content Highlights-Surendra Koli's brother has sought an investigation into Koli's death, raising questions about the circumstances surrounding it. The brother cited blood from Koli's nose and mouth and called for a probe