

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് പുതിയ ഉപദേഷ്ടാവിനെ നിയമിക്കാനും എഐ ഫോഴ്സ് രൂപീകരിക്കാനും പദ്ധതി ഇടുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പുതിയ ഉപദേശകന് ‘എഐ സാർ’ (AI Czar) എന്നറിയപ്പെടുന്ന പദവി സൃഷ്ടിക്കുമെന്നാണ് തൻ്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ രണ്ട് പദ്ധതികളും എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് ട്രംപ് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
'ഈ അതിശയകരമായ വ്യവസായത്തിന്റെ വളർച്ചയെ ഒരു തരത്തിലും തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യില്ല. പകരം, അതിനെ നാം സംരക്ഷിക്കുകയും സഹായിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. എന്നാൽ മോശം കാര്യങ്ങൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. ഇതിനായി നിലവിലുള്ള ക്രിമിനൽ, സിവിൽ നീതിന്യായ സംവിധാനങ്ങൾ തന്നെ വളരെ എളുപ്പത്തിൽ ഉപയോഗിക്കാനാകും' എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപ് ഈ പ്രഖ്യാപനം നടപ്പാക്കിയാൽ അമേരിക്കയുടെ രണ്ടാമത്തെ ‘എഐ സാർ’ ആയിരിക്കും പുതിയ നിയമനം. വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ഡേവിഡ് സാക്സ് നേരത്തെ ഈ ചുമതല വഹിച്ചിരുന്നു. വസന്തകാലത്ത് അദ്ദേഹം ആ സ്ഥാനത്ത് നിന്ന് പിന്മാറിയിരുന്നു.
വ്യാഴാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആഗോള നേതൃത്വം സ്വന്തമാക്കുന്നതിനായി അമേരിക്കയും ചൈനയും തമ്മിൽ കടുത്ത മത്സരം തുടരുന്നതിനിടെയാണ് എഐ ഫോഴ്സ് ഉണ്ടാക്കുമെന്ന ട്രംപിൻ്റെ പ്രതികരണം വരുന്നത്. സാമ്പത്തികവും സൈനികവുമായ ശക്തിക്ക് നിർണായകമായ മേഖലയായാണ് ഇരു രാജ്യങ്ങളും എഐയെ കാണുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ മനുഷ്യർക്കും സ്വത്തിനും ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് അമേരിക്കയിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ട്രംപിൻ്റെ പുതിയ പ്രതികരണം. ഈ ദശകത്തിന്റെ അവസാനത്തോടെ എഐ സാങ്കേതികവിദ്യ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാമെന്ന് എഐ വികസിപ്പിക്കുന്നവർ ഗൗരവമായി വിശ്വസിക്കുന്നുണ്ടെന്ന ആന്ത്രോപിക് കമ്പനിയിലെ മുൻ ഗവേഷകനായ ജേക്കബ് കോക്സൺ നടത്തിയ പ്രതികരണമാണ് നിലവിലെ ചർച്ചകളെ ചൂട് പിടിപ്പിച്ചത്. എന്നാൽ എഐയെക്കുച്ച് ഉയരുന്ന ആശങ്കകൾ പലപ്പോഴും തള്ളിക്കളയുന്ന നിലപാടാണ് ട്രംപ് സ്വീകരിക്കാറുള്ളത്. കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നാണ് ട്രംപിൻ്റെ വാദം. അമിതമായ നിയന്ത്രണങ്ങൾ അമേരിക്കയിലെ എഐ വികസനത്തെ മന്ദഗതിയിലാക്കുകയും ചൈനീസ് എതിരാളികളുമായി മത്സരിക്കാനുള്ള അമേരിക്കൻ കമ്പനികളുടെ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നാണ് ട്രംപും സാങ്കേതികവിദ്യാ രംഗത്തെ ചില പ്രമുഖരും വാദിക്കുന്നത്. എന്നാൽ എഐ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നവർ ഈ വാദത്തെ എതിർക്കുന്നുമുണ്ട്.
Content Highlights: Donald Trump announces plans to appoint a new AI adviser and says his administration is considering the formation of an AI force to advance artificial intelligence initiatives.