

പാരീസ്: ഫ്രാന്‍സിലെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഈഫല്‍ ടവറില്‍ ഹൈന്ദവ സംഘടന പ്രതിനിധികളുടെ സന്ദർശനത്തോടനുബന്ധിച്ച് വനിത ജീവനക്കാരെ മാറ്റിനിർത്തിയിൽ പ്രതിഷേധം. ഇന്ത്യയില്‍ നിന്നുള്ള ഹൈന്ദവ സംഘടനയുടെ പ്രതിനിധികള്‍ ഈഫല്‍ ടവര്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ വനിതാ ജീവനക്കാരെ മാറ്റിനിര്‍ത്തിയെന്നാണ് ആരോപണം. പിന്നാലെയാണ് ടവര്‍ ജീവനക്കാര്‍ പ്രതിഷേധം അറിയിച്ച് പണിമുടക്കിയത്. ഇതോടെ ടവര്‍ അടച്ചിടേണ്ട സാഹചര്യമുണ്ടായി.
ഹൈന്ദവ സംഘടനയായ ബാപ്‌സുമായി ബന്ധപ്പെട്ട നൂറോളം വരുന്ന പ്രതിനിധി സംഘം ഈഫല്‍ ടവറില്‍ നടത്തിയ സ്വകാര്യ സന്ദര്‍ശനത്തിലാണ് സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം ലഭിച്ചതെന്നാണ് വിവരം. പാരീസില്‍ പുതിയതായി നിര്‍മിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു പ്രതിനിധികള്‍ ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തിയത്.
പ്രതിനിധി സംഘം ടവറിലെത്തുമ്പോള്‍ വര്‍ക്ക്‌സ്റ്റേഷനുകളില്‍ നിന്നും സ്ത്രീകള്‍ മാറിനില്‍ക്കണമെന്നും പകരം പുരുഷന്മാര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്നും നിര്‍ദേശമുണ്ടായെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഈ സംഭവം ജീവനക്കാര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച യോഗം കൂടിയ ശേഷമാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ ജീവനക്കാരോട് മാനേജ്‌മെന്റ് ക്ഷമാപണം നടത്തിയിട്ടുണ്ട്. സംഭവം ചര്‍ച്ചയായതോടെ ഫ്രാന്‍സിലെ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളടക്കം വിമര്‍ശനവുമായി രംഗത്തെത്തി.
എന്നാല്‍ ഈഫല്‍ ടവര്‍ അധികൃതരുമായി കൂടിയാലോചന നടത്തിയത് പൊതുജനങ്ങളുടെ സന്ദര്‍ശനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനാണെന്നാണ് ബാപ്‌സിന്റെ വിശദീകരണം. വനിതാ ജീവനക്കാരെ മാറ്റി നിര്‍ത്തിയ സംഭവത്തെ കുറിച്ച് സംഘടനയ്ക്ക് അറിവില്ല. പ്രതിനിധികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജീവനക്കാരോട് വര്‍ക്ക്‌സ്റ്റേഷന്‍ ഒഴിയാന്‍ ആവശ്യപ്പെട്ടതോ മറ്റ് സന്ദര്‍ശകര്‍ക്ക് അനുമതി നിഷേധിക്കുകയോ ചെയ്തതിനെ കുറിച്ച് അറിവില്ലെന്നും ബാപ്‌സ് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സന്ദര്‍ശനം മൂലം ആര്‍ക്കെങ്കിലും വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായും പരസ്പര ബഹുമാനത്തിന്റെയും സേവനത്തിന്റെയും സാര്‍വത്രിക മൂല്യങ്ങളില്‍ തങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും ബാപ്‌സ് വിശദീകരിച്ചു.
Content Highlights: A controversy has emerged over a visit by representatives of a Hindu organization to the Eiffel Tower in Paris, following allegations that women employees were kept aside during the visit