

സ്‌കൂള്‍ കാന്റീനുകളില്‍ നിന്ന് 30 ഭക്ഷ്യസാധനങ്ങള്‍ നിരോധിച്ച് സൗദി അറേബ്യയിലെ വിദ്യാഭ്യാസ മന്ത്രാലയം. പ്രൊസസ്ഡ് മീറ്റ്, ചിപ്‌സ്, കോള്‍ഡ് ടീ, ശീതള പാനീയങ്ങള്‍ തുടങ്ങിയ ഭക്ഷ്യസാധനങ്ങളുടെ ഉല്‍പ്പന്നവും വില്‍പ്പനയുമാണ് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷ്യ സാധനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഈ നിരോധനമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
സ്‌കൂളുകളില്‍ പോഷാകാഹാരത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനാണ് ഈ നടപടിയെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ശീതളപാനീയങ്ങള്‍, എനര്‍ജി-സ്‌പോര്‍ട്‌സ് ഡ്രിങ്ക്‌സ്, കോള്‍ഡ് ടീ, കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ജ്യൂസുകള്‍, മോര്‍ടഡെല്ല, ഐസ്‌ക്രീം, ചോക്ലേറ്റ് ബിസ്‌ക്കറ്റുകള്‍, പീനട്ട്‌സ്, ചോക്ലേറ്റ് മില്‍ക്ക്, ക്രോസന്റ്‌സ്, ചിപ്‌സ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയാണ് നിരോധിച്ചത്. ബ്രെഡഡ് മീറ്റ്, കോഴി-മത്സ്യ ഉല്‍പ്പന്നങ്ങളും കസ്റ്റാര്‍ഡ്, ചോക്ലേറ്റ്, ടോഫീ, വാനില ഫില്ലിങ്ങുകളുള്ള സാന്‍ഡ് വിച്ചുകള്‍, ച്യൂയിംഗ് ഗം, മയോണൈസ്, അച്ചാര്‍ എന്നിവയും നിരോധിച്ചു.
സ്‌കൂളില്‍ വില്‍ക്കുന്ന ഭക്ഷണം എങ്ങനെ തയ്യാറാക്കി, പാക്ക് ചെയ്തു എന്നതും അത് സ്‌കൂളിലേക്ക് എത്തിക്കുന്നതും സൂക്ഷിക്കുന്നതുമായ കാര്യങ്ങളും നിയന്ത്രിക്കാനുള്ള കര്‍ശനമായ മാനദണ്ഡങ്ങളും മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണം അതത് ദിവസം പാകം ചെയ്തതായിരിക്കണമെന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണങ്ങളുടെ പാക്കിങ്ങും മറ്റും കര്‍ശനമായി ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.
ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്ക് കൃത്യമായ ലൈസന്‍സ്, കൊമേഴ്ഷ്യല്‍ രജിസ്‌ട്രേഷന്‍, സകാത്ത്- വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും മറ്റ് സ്ഥിരമായി ആവശ്യമുള്ള ഡോക്യുമെന്റുകളും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. സ്‌കൂള്‍ അന്തരീക്ഷം കൂടുതല്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് മന്ത്രാലയത്തിന്റെ ഈ നടപടി.
Content Highlights: Saudi Arabia’s Ministry of Education has prohibited 30 food items from being sold in school canteens, introducing stricter food guidelines aimed at promoting healthier eating habits and protecting students’ well-being