

പ്രായ തട്ടിപ്പിന്റെ പേരിൽ അണ്ടർ-19 ഇന്ത്യൻ ടീമിൽ നിന്ന് താരത്തെ പുറത്താക്കി ബി സി സി ഐ. ലെഗ് സ്പിന്നർ രോഹിത് യാദവിനെയാണ് പുറത്താക്കിയത്.
രാജകോട്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, മൾട്ടി-ഡേ പരമ്പരകൾക്കുള്ള ടീമിൽ നിന്നാണ് രോഹിത്തിനെ ഒഴിവാക്കിയത്.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയുടെ പ്രായപരിശോധന വിഭാഗവും നടത്തിയ സംയുക്ത രേഖ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. വിവിധ ഔദ്യോഗിക രേഖകളിൽ വ്യത്യസ്ത ജനനത്തീയതികളാണ് രോഹിത് സമർപ്പിച്ചിരുന്നത്.
ഈയിടെ നടന്ന ശ്രീലങ്കൻ പര്യടനത്തിൽ അണ്ടർ-19 ടീമിനായി ആറ് വിക്കറ്റ് വീഴ്ത്തിയ താരമാണ് രോഹിത് യാദവ്. തട്ടിപ്പ് തെളിഞ്ഞതോടെ ബി സി സി ഐ അംഗീകൃത മത്സരങ്ങളിൽ നിന്ന് താരത്തിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തി.
രോഹിതിന് പകരം ഏകദിന ടീമിൽ സൗരാഷ്ട്രയുടെ ആര്യൻ സവ്സാനിയെയും, മൾട്ടി-ഡേ (ഫോർ-ഡേ) മത്സരങ്ങൾക്കുള്ള ടീമിൽ ഹരിയാനയുടെ തന്മയ് ബലോഡയെയും പകരക്കാരനായി പ്രഖ്യാപിച്ചു.
Content Highlights: bcci bans india under 19 player rohit yadav for age fraud