'എന്റെ പ്രിയപ്പെട്ട ആശാന്‍, ഈ വിളി എങ്ങനെ തുടങ്ങിയെന്നറിയില്ല'; മമ്മൂട്ടിയെ കുറിച്ച് കെ മധു

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്

'എന്റെ പ്രിയപ്പെട്ട ആശാന്‍, ഈ വിളി എങ്ങനെ തുടങ്ങിയെന്നറിയില്ല'; മമ്മൂട്ടിയെ കുറിച്ച് കെ മധു
dot image

മമ്മൂട്ടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ കെ മധു. കഥാപാത്രമായി മാറുകയും ആ കഥാപാത്രത്തില്‍ നിന്ന് തിരിച്ച് മമ്മൂട്ടിയായി തീരുകയും ചെയ്യുന്ന അത്ഭുതകരമായ സര്‍ഗ്ഗാത്മകത ഞാന്‍ നാല്‍പതു വര്‍ഷമായി കാണുകയാണെന്നും കെ മധു തന്റെ കുറിപ്പില്‍ പറയുന്നു. മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

കെ. മധുവിന്റെ കുറിപ്പ്

കഥാപാത്രമായി മാറുകയും ആ കഥാപാത്രത്തില്‍ നിന്ന് തിരിച്ച് മമ്മൂട്ടിയായി തീരുകയും ചെയ്യുന്ന അത്ഭുതകരമായ സര്‍ഗ്ഗാത്മകത ഞാന്‍ നാല്‍പതു വര്‍ഷമായി കാണുകയാണ്. അതിനുമെത്രയോ വര്‍ഷങ്ങള്‍ക്കു മുന്നേ ഞങ്ങളുടെ സൗഹൃദം ഊട്ടി ഉറപ്പിച്ചിരുന്നു…

മധു സാറിനോടൊപ്പം പടയോട്ടത്തിന്റെ സെറ്റില്‍ 1982 ല്‍ ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാന്‍ സഹായി ആയി പോയതാണ്. ഞങ്ങള്‍ മലമ്പുഴയിലെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഇങ്ങോട്ട് വന്ന് എന്നെ പരിചയപ്പെട്ടതാണ് മമ്മൂട്ടി. സഹസംവിധായകന്‍ മധു വൈപ്പില്‍ അല്ലേ എന്ന് എന്നോട് ചോദിച്ചു. ആദ്യ കാഴ്ചയില്‍ തന്നെ വലിയൊരു സൗഹൃദത്തിന്റെ തുടക്കം അന്നേ അറിഞ്ഞിരുന്നു. എന്നാല്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ആദ്യം കാണുന്നത് എം. കൃഷ്ണന്‍ നായര്‍ സാറിന്റെ പടത്തിന്റെ ലൊക്കേഷനില്‍ പാലക്കാടുവച്ചാണ്.

പിന്നീട് മണിയറ, മണിത്താലി തുടങ്ങിയ ചിത്രങ്ങളില്‍ അക്കാലത്ത് സഹകരിച്ചു. ആദ്യം മുതല്‍ തന്നെ മമ്മൂട്ടിയെ ആശാനെ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. ഇതെങ്ങനെ തുടങ്ങി എന്ന് എനിക്കും മമ്മൂട്ടിക്കും ഓര്‍മ്മയില്ല. അന്നും ആശാനേ എന്നു വിളിച്ചു ഇന്നും ആശാനെ എന്നു വിളിക്കുന്നു. ആ സൗഹൃദത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ ആ വിളികള്‍ക്കുള്ള ഹൃദയംതൊട്ടുള്ള പ്രതികരണങ്ങള്‍ കേള്‍ക്കണം. അന്നുതൊട്ട് ചെറിയ പരിഭവങ്ങളും ഇണക്കവും പിണക്കവും ഒക്കെയായി ആണ് ഈ കാണുന്ന എല്ലാ സിനിമകളും ഞങ്ങള്‍ ചെയ്തത്.

എന്റെ ആദ്യ സിനിമ ആയ മലരും കിളിയും തൊട്ട് തമിഴ് ചിത്രമായ മൗനം സമ്മതം തുടങ്ങി ആ ബന്ധം തളിര്‍ത്തു പന്തലിച്ചു. മമ്മൂട്ടിയുടെ ആദ്യ തമിഴ് സിനിമയാണ് മൗനം സമ്മതം. നാലു പതിറ്റാണ്ട് മുമ്പ് പടയോട്ടത്തിന്റെ സെറ്റില്‍വെച്ച് കൈ കൊടുത്തപ്പോള്‍ സംസാരിച്ച അതേ ഊഷ്മളത തന്നെയാണ് ഇന്നും ഒരു ടെലിഫോണ്‍ വിളിയില്‍ മമ്മൂട്ടിയുടെതായി മറുതലക്കല്‍ നിന്ന് കേള്‍ക്കുക. എന്തിനേറെ പറയുന്നു സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനായി തുടര്‍ച്ചയായി അഞ്ചു സിനിമകള്‍ക്കായി പല കാലത്തായി ഒപ്പം നിന്ന നടനാണ് മമ്മൂട്ടി. എന്റെയും എസ്.എന്‍. സ്വാമിയുടെയും ഒപ്പം എക്കാലവും മമ്മൂട്ടി ഉണ്ടായിരുന്നിരുന്നു, ഇനിയും ഉണ്ടാവും. പ്രിയപ്പെട്ട 'ആശാന്' എന്റെ പിറന്നാള്‍ ആശംസകള്‍!

മമ്മൂട്ടിയെ നായകനാക്കി മലയാളത്തിലും തമിഴിലും സൂപ്പര്‍ഹിറ്റുകളൊരുക്കിയ സംവിധായകനാണ് കെ. മധു. കെ. മധു-എസ്.എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സിബിഐ ചലച്ചിത്ര പരമ്പര മലയാളസിനിമയിലെ തന്നെ നാഴികക്കല്ലാണ്. ചിത്രത്തിന്റെ അഞ്ചാം ഭാഗം 2022-ല്‍ പുറത്തിറങ്ങിയിരുന്നു. ഇതിനുപുറമേ മലരും കിളിയും, അടിക്കുറിപ്പ്, അടയാളം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, ദ ഗോഡ്മാന്‍ എന്നീ മലയാളചിത്രങ്ങളും മൗനം സമ്മതം എന്ന തമിഴ് ചിത്രത്തിലും ഇരുവരും ഒന്നിച്ചു.

Content Highlights: "My dear 'Asan'—I don't know how this form of address began," says K. Madhu about Mammootty. He shared this while extending birthday wishes to the actor.

dot image
To advertise here,contact us
dot image