നേപ്പാളിൽ പ്രളയ ജലത്തിൽ ഒഴുകിയെത്തി ബാങ്ക് ലോക്കർ, കുത്തിത്തുറന്ന് പണം കവർന്ന് പ്രദേശവാസികൾ; അറസ്റ്റ്

ലോക്കറിൽ ഏകദേശം 92,68,505 നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം രൂപ) ആയിരുന്നു ഉണ്ടായിരുന്നത്

നേപ്പാളിൽ പ്രളയ ജലത്തിൽ ഒഴുകിയെത്തി ബാങ്ക് ലോക്കർ, കുത്തിത്തുറന്ന് പണം കവർന്ന് പ്രദേശവാസികൾ; അറസ്റ്റ്
dot image

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ ഒഴുകി വന്ന ബാങ്ക് ലോക്കര്‍ പൊളിച്ച് പണം തട്ടിയെടുത്ത ആളുകള്‍ അറസ്റ്റില്‍. ഭോട്ടേകോശി നദിയുടെ തീരത്ത് നിന്നും ഒഴുകിയെത്തിയ ബാങ്ക് ലോക്കര്‍ ത്രിശൂലി നദിക്ക് സമീപമുള്ള ധാഡിങ് പ്രദേശത്താണ് അടിഞ്ഞത്. ലോക്കര്‍ തുറന്ന് ചിലർ പണം അപഹരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് നടപടി സ്വീകരിച്ചത്.

ലോക്കറിൽ ഏകദേശം 92,68,505 നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം രൂപ) ആയിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ 19നും 49നും ഇടയില്‍ പ്രായമുള്ള 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം കൈക്കലാക്കിയ ആളുകളില്‍ നിന്നും ഇവ പൊലീസ് തിരിച്ച് പിടിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരില്‍ കൂടുതൽ ആളുകൾ ഉൾപ്പെടുന്നുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രളയ ജലത്തില്‍ ഒഴുകി വന്ന സ്ത്രീയുടെ മൃതശരീരത്തിലുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിച്ച ചിലരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടിയുണ്ടായത്. നിലവില്‍ മിന്നല്‍ പ്രളയത്തില്‍ 626പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2,426പേരെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെ പുറത്തുവന്ന കണക്കില്‍ നേപ്പാള്‍ പൗരന്മാരായ 1924 പേരെ കാണാതായിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. വിദേശികളായ 517 പേരെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Content Highlights: A bank locker containing lakhs of rupees reportedly surfaced after being washed away in Nepal floods. People who found the cash allegedly shared it among themselves, following which Nepal police registered a case and made arrests in connection with the incident

dot image
To advertise here,contact us
dot image