രാജ്യങ്ങളുടെ സമ്മര്‍ദ്ദം ഫലം കണ്ടു; വിദേശ സഹായം പരിമിതമായി സ്വീകരിക്കുമെന്ന് നേപ്പാള്‍, മരണസംഖ്യ 580 കടന്നു

രക്ഷാ പ്രവര്‍ത്തനത്തിന് വിദേശ സഹായം ആവശ്യമില്ലെന്നും നേപ്പാളിലെ സുരക്ഷാ ഏജന്‍സികള്‍ അതിന് പര്യാപ്തമാണെന്നുമായിരുന്നു നേപ്പാള്‍ വിദേശകാരക്യ മന്ത്രാലയം അറിയിച്ചിരുന്നത്

രാജ്യങ്ങളുടെ സമ്മര്‍ദ്ദം ഫലം കണ്ടു; വിദേശ സഹായം പരിമിതമായി സ്വീകരിക്കുമെന്ന് നേപ്പാള്‍, മരണസംഖ്യ 580 കടന്നു
dot image

കാഠ്മണ്ഡു: മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വിദേശ രാജ്യങ്ങളുടെ സഹായം രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമില്ലെന്ന തീരുമാനത്തില്‍ മാറ്റം വരുത്തി നേപ്പാള്‍ സര്‍ക്കാർ. നിരവധി വിദേശ പൗരന്‍മാരും അപകടത്തില്‍പ്പെട്ടവരില്‍ ഉണ്ടെന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. രക്ഷാ പ്രവര്‍ത്തനത്തിന് വിദേശ സഹായം ആവശ്യമില്ലെന്നും നേപ്പാളിലെ സുരക്ഷാ ഏജന്‍സികള്‍ അതിന് പര്യാപ്തമാണെന്നുമായിരുന്നു നേപ്പാള്‍ വിദേശകാരക്യ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാല്‍ തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം, ഡിഎന്‍എ പരിശോധന, ഫോറന്‍സിക് പരിശോധനകള്‍ തുടങ്ങിയ പ്രത്യേക മേഖലകളില്‍ പരിമിതമായ അന്താരാഷ്ട്ര സഹായം തേടാനാണ് ഇപ്പോള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഭോട്ടെകോശി, ത്രിശൂലി നദികളുടെ തീരത്തുള്ള ജനവാസമേഖലകളെ തകര്‍ത്ത പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 580-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. 31 രാജ്യങ്ങളില്‍ നിന്നുള്ള 517 വിദേശികളുള്‍പ്പെടെ 977 പേരെ ഇനിയും കണ്ടെത്താനുണ്ട്. നേപ്പാള്‍ ടൂറിസം ബോര്‍ഡിൻ്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കാണാതായ വിദേശികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ് (178 പേര്‍). തൊട്ടുപിന്നാലെ അമേരിക്ക (65), ഉക്രയിന്‍ (53), ഓസ്ട്രേലിയ (35), ബ്രിട്ടണ്‍ (33) എന്നിവിടങ്ങളിലെ പൗരന്മാരുമുണ്ട്.

Also Read:

നേപ്പാളിലെ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്ററിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവയില്‍ നിന്നുള്ള സഹായം സ്വീകരിക്കാന്‍ വിവിധ മന്ത്രാലയങ്ങളുടെ ഏകോപന സമിതി അനുമതി നല്‍കി. തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം, ഡിഎന്‍എ പരിശോധന, ഫോറന്‍സിക് പരിശോധനകള്‍ എന്നിവയില്‍ ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും സാങ്കേതിക വിദഗ്ധരും സഹായം നല്‍കും. ദുരിതാശ്വാസ സഹായം വാഗ്ദാനം ചെയ്ത മറ്റ് പല രാജ്യങ്ങളും വിദഗ്ധ സംഘങ്ങളെ അയക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം അഭ്യര്‍ത്ഥനകളെല്ലാം നേപ്പാള്‍ അംഗീകരിച്ചിട്ടില്ല. കാണാതായ തങ്ങളുടെ പൗരന്മാരെ കണ്ടെത്താന്‍ സഹായിക്കുന്നതിനായി സംഘങ്ങളെ അയക്കാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും അനുകൂലമായ മറുപടി ലഭിച്ചില്ലെന്ന് കാഠ്മണ്ഡുവിലെ വിദേശ എംബസികളിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്.

തുരങ്ക രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘം, മെഡിക്കല്‍ സംഘം, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് അംഗങ്ങള്‍ എന്നിവരെ അയക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വെള്ളിയാഴ്ച നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാലുമായി സംസാരിക്കുകയും, വിവിധ തരത്തിലുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി അറിയിക്കുകയും ചെയ്തു.

Also Read:

10 ടണ്‍ അവശ്യ വസ്തുക്കളുമായി മൂന്നാമതൊരു വിമാനം കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടതായും ജയശങ്കര്‍ അറിയിച്ചു. പോര്‍ട്ടബിള്‍ ജനറേറ്ററുകള്‍, 'ഡിഗ്‌നിറ്റി കിറ്റുകള്‍' (ശുചിത്വ-വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍), ഭക്ഷണപ്പൊതികള്‍, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകള്‍ എന്നിവ ഈ സഹായശേഖരത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള നാലാമത്തെ ഘട്ട ദുരിതാശ്വാസ സാമഗ്രികള്‍ക്കൊപ്പം ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, തുരങ്ക രക്ഷാപ്രവര്‍ത്തന വിദഗ്ധര്‍ എന്നിവരടങ്ങുന്ന 11 അംഗ സംഘത്തെയും നേപ്പാളിലേക്ക് അയച്ചു.

Content Highlights: Nepal has reversed its earlier decision not to seek foreign rescue assistance following the devastating flash floods. The government will now accept limited international support for specialised operations such as tunnel rescues, DNA testing and forensic examinations, particularly as several foreign nationals remain unaccounted for.

dot image
To advertise here,contact us
dot image