നേപ്പാള്‍ മിന്നല്‍ പ്രളയം; മരണം 472 ആയി, രക്ഷാപ്രവര്‍ത്തനത്തിന് വിദേശ സഹായം വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

നിരവധി വിദേശ പൗരന്മാരാണ് നോപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ ഇപ്പോഴും കാണാ മറയത്തുള്ളതെന്നാണ് റിപ്പോര്‍ട്ട്

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണം 472 ആയി, രക്ഷാപ്രവര്‍ത്തനത്തിന് വിദേശ സഹായം വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
dot image

കാഠ്മണ്ഡു: വിദേശ രാജ്യങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കി നേപ്പാള്‍ വിദേശ കാര്യ മന്ത്രാലയം. തങ്ങളുടെ സുരക്ഷാ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് പര്യാപ്തമാണെന്നും നേപ്പാള്‍ അറിയിച്ചു. രാജ്യത്തിന് നല്‍കാന്‍ കഴിയുന്ന സാമ്പത്തിക സഹായം സൗഹൃദ രാജ്യങ്ങളും അന്താരാഷ്ട്ര പങ്കാളികളും ഒരു ഏക ജാലക സംവിധാനം വഴി നല്‍കുന്നതാകും നല്ലതെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചതായി 'ദി കാഠ്മണ്ഡു പോസ്റ്റ' റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വിദേശ പൗരന്മാരാണ് നോപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ ഇപ്പോഴും കാണാ മറയത്തുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചും, വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന നൂറുകണക്കിന് വിദേശ പൗരന്മാരുടെ അവസ്ഥയെക്കുറിച്ചും അന്താരാഷ്ട്രതലത്തില്‍ ആശങ്ക വര്‍ധിച്ചുവരുന്നതിനിടെയാണ് ഈ തീരുമാനം. പ്രാദേശിക അധികൃതരെ സഹായിക്കുന്നതിനായി പ്രത്യേക തിരച്ചില്‍-രക്ഷാപ്രവര്‍ത്തന സംഘങ്ങളെ അയക്കാന്‍ താത്പര്യമറിയിച്ച് ഇന്ത്യ, ചൈന, അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ജപ്പാന്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ദൗത്യം ആഭ്യന്തരമായി തന്നെ കൈകാര്യം ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതിനായി നേപ്പാള്‍ സൈന്യത്തെയും നേപ്പാള്‍ പൊലീസിനെയും ആശ്രയിക്കാനാണ് കാഠ്മണ്ഡു തീരുമാനിച്ചത്.

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിലവില്‍ മരണസംഖ്യ 472 ആയി എന്നാണ് ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹിമാലയന്‍ അതിര്‍ത്തി മേഖലയില്‍ പെട്ടെന്നുണ്ടായ പ്രളയം വന്‍ നാശം വിതച്ച് 48 മണിക്കൂര്‍ പിന്നിടുകയാണ്. പ്രളയം ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 50 വിദേശികളടക്കം 796 പേരെ ഹെലികോപ്റ്റര്‍ മാര്‍ഗവും മറ്റ് 796 പേരെ കരമാര്‍ഗ്ഗവും രക്ഷപ്പെടുത്തിയതായി നേപ്പാള്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. നേപ്പാളിലെ എട്ട് ജില്ലകളില്‍ നിന്നായി മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് നേപ്പാള്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞത്. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്, ചിറ്റ്വാന്‍ ജില്ലയില്‍ നിന്ന് 178-ഉം, നവല്‍പരാസി ഈസ്റ്റില്‍ നിന്ന് 110-ഉം, ഗോര്‍ഖയില്‍ നിന്ന് 44-ഉം, നുവകോട്ട് ജില്ലയില്‍ നിന്ന് 37-ഉം, ധാഡിംഗ് ജില്ലയില്‍ നിന്ന് 33-ഉം മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. കൂടാതെ തനഹുവില്‍ നിന്ന് 28-ഉം, നവല്‍പരാസി വെസ്റ്റില്‍ നിന്ന് 27-ഉം, റാസുവയില്‍ നിന്ന് 12-ഉം മൃതദേഹങ്ങള്‍ കണ്ടെടുത്തു.

നേപ്പാളില്‍ 2500 ല്‍ അധികം പേരെ കാണാതായതായാണ് പ്രാഥമികവിവരം എന്ന് സുരേഷ് ഗോപി എം പി പ്രതികരിച്ചു. ഇന്ത്യക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. എത്ര മലയാളികളെ കാണാതായി എന്നുള്ള കാര്യത്തില്‍ തരംതിരിച്ച വിവരങ്ങള്‍ വരുന്നതേയുള്ളൂ എന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെട്ട് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേവം വ്യക്തമാക്കി.

അതേസമയം, ഭൂമിശാസ്ത്രജ്ഞര്‍ ഇതിന്റെ കാരണം കണ്ടെത്താനായി ഉപഗ്രഹ ദൃശ്യങ്ങള്‍ പരിശോധിക്കുകയും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഹിമാനിക്കടിയിലുള്ള അടിസ്ഥാനശില തകരുകയും, അതോടൊപ്പം വലിയൊരു മഞ്ഞുകട്ട താഴേക്ക് പതിക്കുകയും, വലിയ പാറക്കല്ലുകളും മഞ്ഞും താഴ്വരയിലേക്ക് കുതിച്ചെത്തുകയും ചെയ്തതായി ഉപഗ്രഹ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായെന്ന് ഭൂരൂപശാസ്ത്രജ്ഞരായ ക്രിസ്റ്റന്‍ കുക്കും ഡാന്‍ ഷുഗറും അറിയിച്ചിരുന്നു.

Content Highlights: Nepal’s Foreign Ministry has said that foreign rescue assistance is not required as its security agencies are capable of handling rescue operations. Amid reports of several foreign nationals remaining unaccounted for following flash floods, the government has said friendly countries and international partners may provide financial assistance through a single-window mechanism.

dot image
To advertise here,contact us
dot image