പ്രവാസി ക്ഷേമം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

നിലവിലെ നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ പദ്ധതികളില്‍ അംഗങ്ങളാകാന്‍ കഴിയാതെ പോകുന്ന അറുപത് വയസ് കഴിഞ്ഞ അര്‍ഹരായ പ്രവാസികള്‍ക്കായി പ്രത്യേക സഹായ പാക്കേജുകളോ ക്ഷേമ പദ്ധതികളോ അനുവദിക്കണം

പ്രവാസി ക്ഷേമം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി
dot image

പ്രവാസികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറിയത്. നിലവിലെ നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ പദ്ധതികളില്‍ അംഗങ്ങളാകാന്‍ കഴിയാതെ പോകുന്ന അറുപത് വയസ് കഴിഞ്ഞ അര്‍ഹരായ പ്രവാസികള്‍ക്കായി പ്രത്യേക സഹായ പാക്കേജുകളോ ക്ഷേമ പദ്ധതികളോ അനുവദിക്കണം എന്നാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്തിട്ടും ഇത്തരം പദ്ധതികളില്‍ അംഗത്വം ലഭിക്കാത്ത നിരവധി പ്രവാസികള്‍ ഉണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പെരുന്നാള്‍, ഓണം, അവധിക്കാലം തുടങ്ങിയ സീസണുകളില്‍ പ്രവാസികളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്ന വിമാനടിക്കറ്റ് നിരക്ക് വര്‍ധനവിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യമുണ്ട്.

സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാകാത്ത വിധം വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന സാഹചര്യം നിയന്ത്രിക്കാനും വിഷയം കേന്ദ്ര സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിവേദനത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. പ്രവാസികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിവേദനം സമര്‍പ്പിച്ചതെന്ന് ഒഐസിസി മലപ്പുറം ജില്ലാക്കമ്മിറ്റി പ്രതികരിച്ചു.

Content Highlight: OICC Malappuram District Committee in Riyadh submitted a memorandum to Kerala Chief Minister Pinarayi Vijayan, highlighting key expatriate welfare issues and seeking government intervention on matters affecting overseas Keralites.

dot image
To advertise here,contact us
dot image