

കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്. വിവേക് കുമാലെന്ന തൊഴിലാളിക്കാണ് കുത്തൊഴുക്കിനിടയിൽ മാവ് രക്ഷകനായത്. 'ഞാൻ ഭാഗ്യവശാൽ ഒരു മാവിൽ കുടുങ്ങി. ആ മരം ഇല്ലായിരുന്നെങ്കിൽ ഞാൻ വെള്ളത്തിൽപ്പെട്ട് മരിച്ചേനേ' എന്നാണ് കുമാലിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ദുരന്തം ഏറ്റവും ഭീകരമായി ബാധിച്ച നേപ്പാളിലെ റസുവ ജില്ലയിലെ ബിദൂരിൽ വിവേക് കുമാൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പുതിയതായി നിർമ്മാണം നടക്കുന്ന വീടിൻ്റെ ശൗചാലയത്തിൻ്റെ കുഴിയുടെ നിർമ്മാണത്തിൽ കുമാൽ ഏർപ്പെട്ടിരിക്കവെയാണ് ദുരന്തം സംഭവിക്കുന്നത്.
വെള്ളം ഇരച്ചുവരുന്നതിന് മുമ്പ് ഒരു ചീറ്റലിന് സമാനമായ ശബ്ദം കേട്ടെന്നാണ് കുമാൽ ഓർമ്മിക്കുന്നത്. ആ സമയം ഏതാണ്ട് അഞ്ച് അടി ആഴമുള്ള കുഴിയിൽ ജോലി ചെയ്യുകയായിരുന്നു കുമാൽ. മുകളിൽ നിന്നിരുന്ന സഹപ്രവർത്തകർ കുമാലിനോട് പുറത്ത് കടന്ന് ഓടാൻ ഒച്ചയിടുകയായിരുന്നു. കുമാൽ കുഴിയിൽ നിന്ന് പുറത്ത് വന്നപ്പോഴേയ്ക്കും സഹപ്രവർത്തകർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു.
'ഞാനും ഓടാൻ തുടങ്ങി. അപ്പോഴാണ് ഭൂകമ്പമുണ്ടാകുന്നതുപോലെ വലിയ ശബ്ദത്തോടെ വെള്ളത്തിന്റെ കുത്തൊഴുക്ക് എത്തിയത്' എന്നായിരുന്നു സംഭവത്തെക്കുറിച്ച് കുമാൽ ഓർമ്മിച്ചെടുത്തത്. കാഠ്മണ്ഡുവിലെ നാഷണൽ ട്രോമ സെന്ററിൽ ചികിത്സയിൽ കഴിയുകയാണ് കുമാൽ. മണ്ണും അവശിഷ്ടങ്ങളും നിറഞ്ഞ കുത്തൊഴുക്കിൽ കുമാൽ താഴേക്ക് ഒഴുകിപ്പോയി. എന്നാൽ ഭാഗ്യവശാൽ ഒരു മാവിൽ കുടുങ്ങിയതിനാലാണ് കുമാലിന് രക്ഷപെടാനായത് എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 392 മൃതദേഹങ്ങൾ കണ്ടെത്തയതായാണ് ഔദ്യോഗിക വിശദീകരണം. 1400ലേറെപ്പോരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിൽ പ്രദേശത്തെ പട്ടണങ്ങളിലും താഴ്‌വരകളിലും വൻ നാശനഷ്ടമാണ് വിതച്ചത്. പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ഭോട്ടെ കോശി നദിയിൽ വീണ്ടും പ്രളയ മുന്നറിപ്പ് നൽകിയിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചൈന– നേപ്പാൾ അതിർത്തിക്ക് സമീപം നദിയുടെ ഒഴുക്ക് തടഞ്ഞ് തടയണ രൂപപ്പെട്ടു. ഈ തടയണ ഏത് സമയവും പൊട്ടാം എന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഉടൻ തടാകത്തിലേക്ക് എത്തും. നദീ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് 290 ഇന്ത്യാക്കാരെ കാണാതായതായാണ് അധികൃതർ അറിയിക്കുന്നത്. ദുരന്തത്തിൽ കാണാതായവരിൽ 796പേരെ രക്ഷപ്പെടുത്തിയെന്നും ഇതിൽ 50ഓളം പേർ വിദേശികളാണെന്നുമാണ് നേപ്പാൾ പൊലീസ് അറിയിക്കുന്നത്. നേപ്പാൾ അധികൃതർ നൽകുന്ന വിവരം അനുസരിച്ച് ഏതാണ് 910 ആളുകളെയാണ് അപകടതത്തിൽ കാണാതായിരിക്കുന്നത്. ടിബറ്റിലെ അധികൃതർ 558പേരെ കാണാതായതായി എന്ന വിവരമാണ് പങ്കുവെയ്ക്കുന്നത്. ദുരന്തത്തെ തുടർന്ന് നേപ്പാളിലും ടിബറ്റിലുമായി ഏതാണ്ട് 1468 പേരെ കാണാതായി എന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.
ബുധനാഴ്ച പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽ പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്.
Content Highlights: A mango tree became a lifeline for a worker caught in the powerful currents of a flash flood in Nepal. The worker survived after getting trapped in the tree.