

ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍ ഖോള പുരേപു സാങ്‌പോ നദികളുടെ സംഗമസ്ഥാനത്ത് പുതിയതായി രൂപപ്പെട്ട തടാകം അടുത്ത മുന്ന് ദിവസത്തിനുള്ളില്‍ തകരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൈന-നേപ്പാള്‍ അതിര്‍ത്തി മേഖലയിലുണ്ടായ അതിശക്തമായ മിന്നല്‍ പ്രളയത്തില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
ഇന്ന് രാവിലെയോടെ തടാകത്തില്‍ ഏകദേശം 20 ലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ശേഖരിക്കപ്പെടുകയും ഇതിനകം അത് കരകവിഞ്ഞൊഴുകാന്‍ തുടങ്ങുകയും ചെയ്തതായി ചൈനയുടെ ജലവിഭവ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 30 ദശലക്ഷം ഘനമീറ്റര്‍ വെള്ളം കൂടി ഇതിലേക്ക് ഒഴുകിയെത്തുമെന്നും ഇത് ഏതുസമയത്തും തകരാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. തടാകത്തിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ചൈനീസ് ജലവിഭവ മന്ത്രാലയം പറഞ്ഞു.
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 350 കടന്നിരിക്കുകയാണ്. പ്രളയത്തില്‍ 285 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചിരുന്നു. ഇതില്‍ 33 പേര്‍ മലയാളികളാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള 32 പേരെയും കാണാതായിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള 85 പേരെ കുറിച്ചും വിവരമില്ല. കാണാതായവരില്‍ ഒരുസംഘം ത്രിശൂലി-1 വൈദ്യുത പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മറ്റൊരു സംഘം കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടനത്തിനെത്തിയ തമിഴ്നാട്ടുകാരാണ്. ഇതുകൂടാതെ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 61 പേരെയും കേരളത്തില്‍ നിന്നുള്ള 33 പേരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്താക്കി. ഇതുവരെ രക്ഷപ്പെടുത്തിയത് 54 ഇന്ത്യക്കാരെയാണെന്നാണ് വിവരം.
നേപ്പാളിലെ രാസുവ, നുവാകോട്ട്, ധാഡിങ്, ഗോര്‍ഖ ജില്ലകളിലാണ് പ്രളയത്തില്‍ വന്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം രാവിലെ 8.30ഓടെ ഭോട്ടേകോശി, ത്രിശൂലി നദികളിലാണ് വെള്ളപ്പൊക്കമുണ്ടായത്. ആശയവിനിമയത്തിനായുള്ള സംവിധാനങ്ങളെല്ലാം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 1234 (ടോള്‍ ഫ്രീ എമര്‍ജന്‍സി നമ്പര്‍), 1144 (ഹോട്ട്ലൈന്‍ നമ്പര്‍), 9851289445 (ടൂറിസം പൊലീസ് സഹായം) എന്നീ നമ്പറുകളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാമെന്ന് ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്.
Content Highlights: China Warns Nepal Newly Formed Lake May Collapse Within Three Days