

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദര്‍ സെവാഗിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും മക്കള്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ ഒരുമിച്ച് കളിക്കും. ഓസ്‌ട്രേലിയ അണ്ടര്‍-19 ടീമിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് ആര്യവീര്‍ സെവാഗിനും അന്‍വെയ് ദ്രാവിഡിനും ഇടം ലഭിച്ചത്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ സെപ്റ്റംബര്‍ 18 നാണ് ഈ ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് മള്‍ട്ടി-ഡേ ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്.
ഏകദിന ടീമിനെ ലക്ഷ്യ റായ്ചന്ദനി നയിക്കുമ്പോള്‍, യാഷ്‌വര്‍ധന്‍ സിങ് ചൗഹാനാണ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ മലയാളി താരം മാനവ് കൃഷ്ണയും ഇടം പിടിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് മാനവ്.
ഡല്‍ഹി അണ്ടര്‍-19 ടീമിന് വേണ്ടി കളിക്കുന്ന ആര്യവീര്‍, 2024-ലെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മേഘാലയയ്‌ക്കെതിരെ 309 പന്തില്‍ നിന്ന് 297 റണ്‍സ് നേടി ട്രിപ്പിള്‍ സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയിരുന്നു. കൂടാതെ 2025-ലെ ടൂര്‍ണമെന്റില്‍ 496 റണ്‍സും താരം അടിച്ചുകൂട്ടി.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ അന്‍വെയ്, കഴിഞ്ഞ ജൂലായില്‍ ശ്രീലങ്ക അണ്ടര്‍-19 ടീമിനെതിരെ 67 പന്തില്‍ നിന്ന് 87 റണ്‍സ് നേടി തിളങ്ങിയിരുന്നു. കൂടാതെ വിനൂ മങ്കാദ് ട്രോഫിയിലെ ആറ് ഇന്നിങ്സുകളില്‍ നിന്നായി താരം 220 റണ്‍സും നേടി.
content highlights: dravid sehwag sons selected india under 19 team australia series