

കാഠ്മണ്ഡും: നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണം മോഷ്‌ടിച്ചതിന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുങ്, ഉമേഷ് ചൗധരി എന്നിവരാണ് അറസ്റ്റിലായത്. യുവാക്കൾ സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുന്ന മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീയുടെ മൃതദേഹം മരപ്പലകകൾ ഉപയോഗിച്ചും മുടിയിൽ പിടിച്ചും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയിൽ കാണാം. ടിബറ്റിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഉണ്ടായ അതിശക്തമായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട മൃതദേഹം നാരായണി നദിയിലൂടെ താഴേക്ക് ഒഴുകിയെത്തുകയായിരുന്നു.
മരിച്ചയാളുടെ ശരീരത്തിൽ നിന്ന് രണ്ട് പേർ സ്വർണ കമ്മലുകൾ അഴിച്ചെടുക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നായിരുന്നു സംഭവത്തിൽ ചിത്വാൻ പൊലീസ് അന്വേഷണം ആരംഭിച്ചത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്, വ്യാഴാഴ്ച ഭാരത്പൂർ മെട്രോപൊളിറ്റൻ സിറ്റി-1ലെ പൊഖാറ ബസ് പാർക്കിന് സമീപത്തുനിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തതായാണ് ജില്ലാ പൊലീസ് ഓഫിസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവൽപരാസിയിലെ ബിനായി ത്രിവേണി ഗ്രാമപാലിക സ്വദേശിയായ 25കാരനായ മദൻ ഗുരുംഗാണ് അറസ്റ്റിലായ ഒരാൾ. ഭാരത്പൂരിലുള്ള അമ്മാവന്റെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. സുൻസാരിയിലെ ചന്ദബേല മുനിസിപ്പാലിറ്റി സ്വദേശിയും നിലവിൽ ഭാരത്പൂരിൽ താമസിക്കുന്നയാളുമായ 38കാരനായ ഉമേഷ് ചൗധരിയാണ് അറസ്റ്റിലായ മറ്റൊരാൾ.
ഭോട്ടെ കോശി നദിയിലുണ്ടായ രൂക്ഷമായ പ്രളയത്തെ തുടർന്ന് നാരായണി, ത്രിശൂലി നദികളുടെ തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന നടപടികൾ തുടരുന്നതിനിടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന നിലയിൽ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുന്ന സംഭവം ഉണ്ടായത്. പ്രളയബാധിതരുടെ മൃതദേഹങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതായി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊള്ള, മോഷണം, അല്ലെങ്കിൽ ദുരന്തവുമായി ബന്ധപ്പെട്ട മറ്റ് മനുഷ്യത്വരഹിത പ്രവർത്തനങ്ങളുടെ വിവരങ്ങളോ തെളിവുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ചിത്വാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
ദുരന്തബാധിതരെയും മരിച്ചവരെയും ലക്ഷ്യമിട്ട് കൊള്ളയോ മറ്റ് മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളോ അനുവദിക്കില്ലെന്ന് ചിത്വാൻ പൊലീസ് മേധാവി എസ് പി രമേശ്വർ പൗഡൽ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 392 മൃതദേഹങ്ങൾ കണ്ടെത്തയതായാണ് ഔദ്യോഗിക വിശദീകരണം. 1400ലേറെപ്പോരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിൽ പ്രദേശത്തെ പട്ടണങ്ങളിലും താഴ്‌വരകളിലും വൻ നാശനഷ്ടമാണ് വിതച്ചത്. പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ഭോട്ടെ കോശി നദിയിൽ വീണ്ടും പ്രളയ മുന്നറിപ്പ് നൽകിയിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചൈന– നേപ്പാൾ അതിർത്തിക്ക് സമീപം നദിയുടെ ഒഴുക്ക് തടഞ്ഞ് തടയണ രൂപപ്പെട്ടു. ഈ തടയണ ഏത് സമയവും പൊട്ടാം എന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഉടൻ തടാകത്തിലേക്ക് എത്തും. നദീ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽ പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്.
Content Highlights: Two youths have been arrested for allegedly stealing jewellery from the body of a woman who died in the Nepal floods. Police are investigating the incident.