യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 6 പേർക്ക് ദാരുണാന്ത്യം; 800ലധികം ഡ്രോണുകൾ തകർത്തതായി റഷ്യ

യുദ്ധം ആരംഭിച്ച ശേഷം റഷ്യയ്ക്ക് നേരെ യുക്രെയ്ൻ നടത്തുന്ന വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്

യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 6 പേർക്ക് ദാരുണാന്ത്യം; 800ലധികം ഡ്രോണുകൾ തകർത്തതായി റഷ്യ
dot image

മോസ്‌കോ: റഷ്യയ്‌ക്കെതിരെ യുക്രെയ്ൻ്റെ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. യുദ്ധം ആരംഭിച്ച ശേഷം റഷ്യയ്ക്ക് നേരെ യുക്രൈന്‍ നടത്തുന്ന വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്. യുക്രെയ്ൻ്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏകദേശം 822 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

റഷ്യയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള പതിനേഴോളം പ്രദേശങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു യുക്രെയ്ൻ്റെ ആക്രമണം. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ പ്രദേശങ്ങളായിരുന്നു യുക്രെയ്ൻ പ്രധാനമായും ലക്ഷ്യമിട്ടത്. ഇവിടങ്ങളില്‍ മാത്രം ഏകദേശം 187 ഓളം ഡ്രോണുകള്‍ പതിച്ചുവെന്നും ഇതിനെ റഷ്യ പ്രതിരോധിച്ചതായും റീജിയണല്‍ ഗവര്‍ണര്‍ ആന്‍ഡ്രൈ വൊറോബ്യോവ് പറഞ്ഞു. മോസ്‌കോയിലെ പൊഡോള്‍സ്‌കിലുള്ള പ്രശസ്തമായ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സ്ഥാപനമായ വൈല്‍ഡ്‌ബെറീസിന്റെ ഗോഡൗണില്‍ ഡ്രോണ്‍ പതിച്ച് തീപിടിത്തമുണ്ടായി. പ്രദേശത്താകെ തീയും പുകയും പടരുന്ന സാഹചര്യമുണ്ടായി. മുന്‍പും വൈല്‍ഡ്‌ബെറീസ് ലക്ഷ്യമിട്ട് യുക്രെയ്ൻ ആക്രമണം നടത്തിയിട്ടുണ്ട്. യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നുവെന്നാരോപിച്ചാണ് വൈല്‍ഡ്‌ബെറീസിനെ യുക്രെയ്ൻ ലക്ഷ്യമിടുന്നത്.

അതിനിടെ യുക്രെയ്ന് നേരെ റഷ്യയും ആക്രമണം നടത്തി. പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുടെ ജന്മനാടായ ക്രീവി റിഹിൽ അടക്കമായിരുന്നു റഷ്യ ആക്രമണം നടത്തിയത്. യുക്രെയ്നിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്രാന്റിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പതിനാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Content Highlights- Ukraine launched drones toward Russia in a reported aerial attack.

dot image
To advertise here,contact us
dot image