

അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സില്‍ വാക് ഇന്‍ സൗകര്യം ഒരുക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി. യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്കായി പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 16 അൽഹിന്ദ് ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ (ഐസിഎസി) വാക്ക്-ഇൻ സൗകര്യം ഒരുക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ എല്ലാ കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ എല്ലാ അപേക്ഷകർക്കും വാക്ക്-ഇൻ സേവനം ലഭിക്കില്ല. തത്കാൽ പാസ്‌പോർട്ട് അപേക്ഷകർ, നവജാത ശിശുക്കളുടെ പാസ്‌പോർട്ട് അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നവർ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് ഈ സേവനം ലഭ്യമാകുക എന്നു അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ എംബസി ഇപ്പോഴും മുൻഗണന നൽകുന്നത് ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനാണ്. ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും വാക്ക്-ഇൻ അപേക്ഷകൾ പരിഗണിക്കുക എന്നും എംബസി വ്യക്തമാക്കി.
2026 ജൂലൈ 22 മുതൽ കേരളം ആസ്ഥാനമായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസാണ് യുഎഇയിലെ ഇന്ത്യൻ കോൺസുലർ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ നൽകി വരുന്നത്. ഇതിനായി അബുദാബി, ദുബായ്, ഷാർജ എന്നിങ്ങനെ എല്ലാ എമിറേറ്റുകളിലുമായി 16 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കോൺസുലർ സേവനങ്ങൾക്കായുള്ള അപ്പോയിന്റ്മെന്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്നതായും അധികൃതർ അറിയിച്ചു.
Content Highlight: The Indian Embassy has introduced walk-in consular services at 16 Alhind Centres across the UAE to improve access for Indian nationals