

ധാക്ക: ലഹരിക്കേസിൽ അറസ്റ്റിലായ പ്രതി ധരിച്ചിരുന്ന അര്‍ജന്റീന ജേഴ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് ബ്രസീല്‍ ജേഴ്‌സി ആക്കി മാറ്റിയ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത. ബംഗ്ലാദേശിലെ ബാരിഷാലിലാണ് സംഭവം.
തിങ്കളാഴ്ചയാണ് റസല്‍ ഹൗലാദര്‍ എന്ന മയക്ക് മരുന്ന് ഡീലറെ മുഹമ്മദ്പൂര്‍ കോളനിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് പിന്നാലെ ബാരിഷാല്‍ മെട്രോപൊളിറ്റണ്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ തന്‍സില്‍ അഹമ്മദ് പ്രതി ധരിച്ചിരുന്ന അര്‍ജന്റീന ജേഴ്‌സി എഐ ഉപയോഗിച്ച് ബ്രസീല്‍ ജേഴ്‌സി ആക്കി മാറ്റുകയായിരുന്നു. ചിത്രം പൊലീസിന്റെ ഔദ്യോഗിക ഗ്രൂപ്പുകളിലേക്കും മാധ്യമങ്ങള്‍ക്കും അയക്കും മുന്‍പായിരുന്നു ഇയാള്‍ ചിത്രം എഐ ഉപയോഗിച്ച് മാറ്രിയത്.
എന്നാല്‍ ചിത്രം മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഫുട്‌ബോള്‍ ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാവുകയായിരുന്നു. വൈകാതെ തന്നെ ചിത്രം രൂപമാറ്റം വരുത്തിയതാണെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ കണ്ടെത്തി. സംഭവം വിവാദമാകുകയും പൊലീസിനെതിരെ വലിയ വിമര്‍ശനങ്ങളുയരുകും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ എഡിറ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് പൊലീസ് ശരിയായ ചിത്രം പുറത്തുവിട്ടു. സംഭവത്തെ തുടര്‍ന്ന് എസ്‌ഐ തന്‍സില്‍ അഹമ്മദിനെ സ്റ്റേഷനിലെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ മൂന്ന് ദിവസമാണ് എസ്‌ഐക്ക് കമ്മീഷണര്‍ ആഷിക് സയീദ് നല്‍കിയിരിക്കുന്നത്. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ എന്നാണ് വിവരം.
അതേസമയം, ചിത്രം താന്‍ മാറ്റം വരുത്തിയെന്ന് എസ്‌ഐ തന്‍സില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ബ്രസീല്‍ ജേഴ്‌സി ധരിച്ച ചിത്രത്തിലേക്ക് മാറ്റിയത് സമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചയാകാനാണെന്നാണ് ഇയാളുടെ വിശദീകരണം. ഫിഫ ലോകകപ്പില്‍ ബ്രസീലിന്റെ ക്യാമ്പയിനാണ് കൂടുതല്‍ സ്വീകര്യതയെന്നും ഇയാൾ പറഞ്ഞു.
Content Highlights: A Sub-Inspector is facing allegations of using AI-based image editing to alter the jersey worn by an accused in a drug case from Argentina to Brazil. The claim has sparked debate over the use of digital image manipulation in official contexts, with calls for a thorough inquiry into the incident.