'ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല'; നിലപാട് വ്യക്തമാക്കി ഇറാന്‍

രാജ്യത്തെ ആണവ അവകാശങ്ങളിലും പ്രധാന നയങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ഇറാൻ

'ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല'; നിലപാട് വ്യക്തമാക്കി ഇറാന്‍
dot image

ടെഹ്‌റാന്‍: ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ യുഎസ് തയ്യാറാകുന്നില്ലെങ്കില്‍ ഇറാന്‍ യുദ്ധത്തിന് സജ്ജമാണെന്നും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലിബാഫ് പറഞ്ഞു. ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഗാലിബാഫ് നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തെ ആണവ അവകാശങ്ങളിലും പ്രധാന നയങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ലെബനന് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതുള്‍പ്പെടെയുള്ള സുപ്രധാന വ്യവസ്ഥകള്‍ യുഎസ് പാലിക്കേണ്ടതുണ്ട്. ലെബനന് നേരെ സൈനിക നീക്കങ്ങള്‍ ഉണ്ടാകില്ലെന്നും ജനങ്ങള്‍ക്ക് അവരുടെ മണ്ണിലേക്ക് മടങ്ങാമെന്നും ലെബനന്റെ പരമാധികാരം സംരക്ഷിക്കപ്പെടുമെന്നും അമേരിക്ക വ്യക്തമാക്കിയതാണ്. എന്നാല്‍ ആ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read:

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കാന്‍ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇറാന്‍ പ്രതിജ്ഞാബദ്ധമാണ്. യുഎസിന്റെ ഭാഗത്ത് നിന്നും സമാനമായ സമീപനം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ നിര്‍വ്യാപന കരാറിലെ അംഗമെന്ന നിലയില്‍ യുറേനിയം സമ്പുഷ്ടീകരണം ഇറാന്റെ അവകാശമാണ്. കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ കൃത്യമായി പാലിക്കുന്നുണ്ട്. എന്നാല്‍ ആണവ അവകാശങ്ങളിലും രാജ്യത്തിന്റെ അടിസ്ഥാന നയങ്ങളിലും വിട്ടുവീഴ്ചയ്ക്ക് സാധിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിനിധികളുമായി ചര്‍ച്ചയ്ക്കില്ലെന്ന് വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായിയും നേരത്തേ വ്യക്തമാക്കിയിരുന്നു.

അതിനിടെ ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധികള്‍ ദോഹയില്‍ എത്തി. ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ ജാറെദ് കുഷ്‌നറും സ്റ്റീവ് വിറ്റ്‌കോഫുമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. ഖത്തര്‍ പ്രധാനമന്ത്രിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.

Content Highlights- Iran has reaffirmed that it will not hold further talks with the United States unless the conditions specified in the memorandum of understanding are met

dot image
To advertise here,contact us
dot image