

ബെയ്‌റൂട്ട്/ടെല്‍അവീവ്/ഗാസാ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കേ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. യുഎസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വിള്ളല്‍ വീഴ്ത്തിയാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്. ധാരണാപത്രത്തില്‍ യുഎസ് ഇറാന്‍ തുടര്‍ ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ നടക്കാനിരിക്കെയാണ് സാഹചര്യം വഷളായിരിക്കുന്നത്. യുഎസ് ഇറാന്‍ പ്രതിനിധികള്‍ക്ക് പുറമേ പാകിസ്താന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ മധ്യസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുക്കും എന്നാണ് വിവരം.
തെക്കന്‍ ലെബനനില്‍ പുതുക്കിയ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷവും ഇസ്രയേലിന്റെ ഭാഗത്ത് നിന്നും വ്യോമാക്രമണവും ഡ്രോണ്‍ ആക്രമണങ്ങളും വര്‍ധിക്കുന്നതാണ് കാണുന്നത്. നയതന്ത്ര പ്രക്രിയകള്‍ക്ക് ലെബനനിലെ വെടിനിര്‍ത്തല്‍ അത്യാന്താപേക്ഷിതമാണെന്ന നിലപാടിലാണ് ഇറാന്‍. ശനിയാഴ്ച നബാത്തിയ ജില്ലയില്‍ നടത്തിയ ആക്രമണത്തില്‍ മാത്രം 16 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കെഫര്‍ റെമാന്‍ എന്ന ഗ്രാമത്തില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനീസ് സൈനികന്‍ കൊല്ലപ്പെട്ടു.
ടൈര്‍ ജില്ലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ലെബനനില്‍ 83 പേരാണ് കൊല്ലപ്പെട്ടത്. 141 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനിടയില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അൽ ജസീറ ക്യാമറാമാന്‍ അഹമ്മദ് വിഷാഹ് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗാസയിലെ ബുറേജ് അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു വീടിന് നേരെ ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് വിഷാഹ് മരണപ്പെട്ടത്. മുബാഷര്‍ കറസ്‌പോണ്ടന്റായിരുന്നു കൊല്ലപ്പെട്ട വിഷാഹ്. 2023 ഒക്ടോബറില്‍ ആരംഭിച്ച ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തില്‍ ഇതുവരെ അൽ ജസീറയുടെ 12 ജീവനക്കാരാണ് കൊല്ലപ്പെട്ടത്.

ഏപ്രില്‍ 8ന് ഇസ്രേയലിന്റെ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് വിഷാഹിന്റെ സഹോദരനാണ് അഹമ്മദ് വിഷാഹെന്ന് പലസ്തീന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. അതേസമയം തെളിവുകളൊന്നുമില്ലാതെ അഹമ്മദ് വിഷാഹ് ഹമാസ് തീവ്രവാദിയാണെന്നാണ് ഇസ്രയേലി സൈനിക വക്താവ് ആരോപിച്ചത്. സമാനമായി മുഹമ്മദ് വിഷാഹിനെയും ഇസ്രയേല്‍ ഹമാസ് തീവ്രവാദിയായി മുദ്രകുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് അൽ ജസീറ പ്രസ്താവന പുറത്തിറക്കി.
അതേസമയം ഗാസാ സിറ്റിയ്ക്ക് വടക്ക് ഭാഗത്തായി നടന്ന ആക്രമണത്തില്‍ ഒരു പുരുഷനും വടക്കന്‍ ബെയ്ത് ലാഹിയയില്‍ നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസാ സിറ്റിയിലെ ഷെയ്ഖ് റാദ്വാനിലെ പരിസരപ്രദേശങ്ങളിലും ഖാന്‍ യൂനിസിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlights: Israeli attacks in Lebanon reportedly resulted in 32 deaths, according to available reports. In a separate incident in Gaza, an Al Jazeera cameraman was killed