

ഫുട്‌ബോള്‍ ലോകകപ്പില്‍ 100 ഗോള്‍ പിന്നിട്ട രാജ്യങ്ങളുടെ പട്ടികയിലേക്ക് നെതര്‍ലന്‍ഡ്‌സും. കഴിഞ്ഞദിവസം സ്വീഡനെ ഒന്നിനെതിരെ അഞ്ചുഗോളിന് തകര്‍ത്തതോടെയാണ് നെതര്‍ലന്‍ഡ്‌സ് ലോകകപ്പിലെ സുവര്‍ണ നേട്ടത്തിലെത്തിയത്. ഇതുവരെ ലോകകപ്പുകളില്‍നിന്ന് 103 ഗോളുകളാണ് നെതര്‍ലന്‍ഡ്‌സ് നേടിയത്. ബ്രസീലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 241 ഗോളുകളാണ് ടീമിന്റെ ഇതുവരെയുള്ള നേട്ടം.
ജര്‍മനിയാണ് രണ്ടാം സ്ഥാനത്ത്. 239 ഗോളുകളാണ് ടീമിന്റെ സമ്പാദ്യം. അര്‍ജന്റീന 155 ഗോളോടെ മൂന്നാം സ്ഥാനത്താണ്. ഫ്രാന്‍സ് 139 ഗോളുകളാണ് ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ നേടിയത്. ഇറ്റലി 128 ഗോള്‍ നേടിയിട്ടുണ്ട്. സ്‌പെയിന്‍ 108 ഗോളുകളുമായി പട്ടികയില്‍ ആറാമതാണ്. ഇംഗ്ലണ്ടും 108 ഗോളുകള്‍ നേടി ഇതേ സ്ഥാനത്തുണ്ട്. ഇതിന് പിന്നിലാണ് ഇപ്പോള്‍ നെതര്‍ലന്‍ഡ്‌സ് എത്തിയിരിക്കുന്നത്.
അതേസമയം, ഈ ലോകകപ്പില്‍ ഇതുവരെ ഗോള്‍നേട്ടം നൂറായി. 33 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് ഈ നേട്ടത്തിലെത്തിയത്. നെതര്‍ലന്‍ഡ്‌സ് സ്വീഡനെ തകര്‍ത്ത മത്സരത്തിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. കോഡി ഗാക്‌പോയുടെ ഗോളാണ് സെഞ്ചുറി തികച്ചത്. ആദ്യപകുതിയില്‍ 46 ഗോളും രണ്ടാം പകുതിയില്‍ 54 ഗോളുമാണ് ടീമുകള്‍ നേടിയിട്ടുള്ളത്. വലതുകാല്‍ കൊണ്ട് 55, ഇടതുകാല്‍ കൊണ്ട് 22, ഹെഡ്ഡറിലൂടെ 16 ഗോളുകളാണ് നേടിയിരിക്കുന്നത്. 80 ഗോളുകളും പെനാല്‍ട്ടി ഏരിയയില്‍നിന്നാണ്. 13 ഗോളുകളാണ് പെനാല്‍ട്ടി ഏരിയക്ക് പുറത്തുനിന്ന് അടിച്ച് ഗോളാക്കിയത്. ഒരു കളിയില്‍ ശരാശരി 3.1 ഗോളുകളാണ് പിറക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
content highlights: Orange Army hits century of goals; becomes the eighth team to surpass 100 World Cup goals