സുരക്ഷാ സംവിധാനങ്ങളില്ലാതെ മലകയറ്റം; അഗ്നിപര്‍വത ഗര്‍ത്തത്തില്‍ വീണ് സാഹസിക യാത്രികന്‍ മരിച്ചു; വീഡിയോ പുറത്ത്

ഡൈവിങ് വിദഗ്ധര്‍ അടക്കം എത്തി ഏറെ ശ്രമകരമായാണ് അന്‍തറിന്റെ മൃതദേഹം കണ്ടെടുത്തത്

സുരക്ഷാ സംവിധാനങ്ങളില്ലാതെ മലകയറ്റം; അഗ്നിപര്‍വത ഗര്‍ത്തത്തില്‍ വീണ് സാഹസിക യാത്രികന്‍ മരിച്ചു; വീഡിയോ പുറത്ത്
dot image

കയ്‌റോ: അഗ്നിപര്‍വത ഗര്‍ത്തത്തില്‍ വീണ് സാഹസിക യാത്രികന്‍ മരിച്ചു. 'സ്‌പൈഡര്‍മാന്‍ ഓഫ് യെമന്‍' എന്ന് അറിയപ്പെടുന്ന അല്‍ ഖഖ ബിന്‍ അന്‍താര്‍ (30) ആണ് മരിച്ചത്. യെമനിലെ ഹര്‍ദ ഡാം അഗ്നിപര്‍വത ഗര്‍ത്തത്തിന്റെ കുത്തനെയുള്ള ഭിത്തിയിലൂടെ കയറുന്നതിനിടെ വീഴുകയായിരുന്നു. സുരക്ഷാ ഉപകരണങ്ങള്‍ ഒന്നുമില്ലാതെയാണ് അന്‍താര്‍ പാറക്കെട്ടിലൂടെ കയറാന്‍ ശ്രമിച്ചത്. 120 മീറ്റര്‍ താഴ്ചയിലേക്കായിരുന്നു യുവാവ് വീണത്.

സിവില്‍ ഡിഫന്‍സ് അതോറിറ്റിയായിരുന്നു സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് വിവരം പുറത്തുവിട്ടത്. പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. സുരക്ഷാ ഉപകരണങ്ങളില്ലാതെ അന്‍തര്‍ പാറക്കെട്ടിലൂടെ കയറുന്നത് വീഡിയോയില്‍ കാണാം. ഇടയ്ക്ക് വലതുകൈ പാറയില്‍ പിടിച്ചുകൊണ്ട് ഇയാള്‍ ഇടതുകൈ ഉയര്‍ത്തിക്കാണിക്കുന്നതും വീഡിയോയിലുണ്ട്. തൊട്ടടുത്ത നിമിഷം വലതുകൈ പിടിവിട്ട് അന്‍തര്‍ താഴേയ്ക്ക് പതിക്കുകയാണ്. ഡൈവിങ് വിദഗ്ധര്‍ അടക്കം എത്തി ഏറെ ശ്രമകരമായാണ് അന്‍തറിന്റെ മൃതദേഹം കണ്ടെടുത്തത്. കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ പ്രവേശിക്കാന്‍ പോലും രക്ഷാപ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളി നേരിട്ടിരുന്നു.

ദുര്‍ഘടമായ മേഖലകളിലൂടെ മലകയറ്റങ്ങള്‍ നടത്തുന്ന നിരവധി വീഡിയോകള്‍ അന്‍തര്‍ പങ്കുവെയ്ക്കാറുണ്ട്. ഏറെ സാഹസികമായ വീഡിയോകളില്‍ പലതും നെഞ്ചിടിപ്പ് കൂട്ടുന്നവയായിരുന്നു. പാറക്കെട്ടുകളില്‍ തൂങ്ങിക്കിടന്നും ഇയാള്‍ സാഹസിക വീഡിയോകള്‍ ചിത്രീകരിച്ച് പങ്കുവെച്ചിരുന്നു.

Content Highlights- An adventure traveler has reportedly died after falling into a volcanic crater during a mountain climbing activity without proper safety measures

dot image
To advertise here,contact us
dot image