

തെഹ്റാൻ: യുഎസ്-ഇറാൻ സംഘർഷത്തിൽ പ്രതികരണവുമായി ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി. ഇറാൻ്റെ ആണവ മിസൈൽ ശേഷി സംരക്ഷിക്കുമെന്നും ഗൾഫിലെ അമേരിക്കൻ സാന്നിധ്യം ഇല്ലാതാക്കുമെന്നുമാണ് മൊജ്തബ ഖമനയിയുടെ പ്രതികരണം. ഇറാൻ സ്റ്റേറ്റ് മീഡിയ പുറത്തിറക്കിയ
വാർത്താക്കുറിപ്പിലൂടെയാണ് ഖമനയി പ്രതികരിച്ചത്. ഇറാൻ-യുഎസ് യുദ്ധം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോൾ രാജ്യത്തിൻ്റെ നിലപാട് വ്യക്തമാക്കിയാണ് വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
പശ്ചിമേഷ്യയിലെ ആക്രമണവും സൈനികനടപടിയും രണ്ട് മാസം പിന്നിടുമ്പോൾ ഹോർമൂസ് കടലിടുക്കിൽ യുഎസ് തോറ്റ് നാണംകെട്ടിരിക്കുകയാണ്. ഇതോടെ ഒരു പുതിയ അധ്യായമാണ് പേർഷ്യൻ ഗൾഫിലും ഹോർമൂസിലും ആരംഭിക്കുന്നത് എന്നാണ് ഖമനയി പഞ്ഞത്. സ്വന്തം സൈനിക താവളങ്ങൾ പോലും സംരക്ഷിക്കാൻ സാധിക്കാത്ത അമേരിക്ക എങ്ങനെ ഗൾഫിന് സുരക്ഷ ഒരുക്കുമെന്നാണ് മൊജ്തബ ചോദിക്കുന്നത്. ഇറാൻ, രാജ്യത്തിൻ്റെ ആണവ മിസൈൽ ശേഷി സംരക്ഷിച്ചുകൊണ്ട് അധിനിവേശ പ്രവർത്തനങ്ങളെ ധീരമായി പ്രതിരോധിക്കുമെന്ന് അദേഹം വ്യക്തമാക്കി.
യുദ്ധത്തിൻ്റെ തുടക്കം മുതൽ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അവിടെയുള്ള അമേരിക്കൻ സാന്നിധ്യമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചതെന്നും മൊജ്തബ പറഞ്ഞു. ജിസിസി രാജ്യങ്ങൾ അമേരിക്കൻ സൈനിക നീക്കങ്ങളിൽ നിന്ന് അകന്ന് നിൽക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. ഹോർമൂസിന് മേൽ യുഎസ് നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടെന്നും കടലിടുക്കിൻ്റെ അധികാരം ഇറാൻ്റെ കീഴിലാണെന്നും മൊജ്തബ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് കാരണം അമേരിക്കയുടെ സൈനിക താവളങ്ങളാണെന്നാണ് മൊജ്തബ പറയുന്നത്. യുഎസ് സൈനിക താവളങ്ങളെ അമേരിക്കയുടെ പാവയെന്ന് വിശേഷിപ്പിച്ച മൊജ്തബ ഖമനയി രൂക്ഷവിമർശനമാണ് നടത്തിയത്. ജിസിസി രാജ്യങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യം പോകുന്നതോട് കൂടി ശോഭനമായ ഭാവിയാണ് അവരെ കാത്തിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
Content Highlights: 'We will protect the country's nuclear and missile capabilities; we will eliminate the US presence in the Gulf': Mojtaba Khamenei