'കപ്പലിൻ്റെ പതാക പരി​ഗണിക്കാതെ തടഞ്ഞിരിക്കും;ഹോർമൂസിൽ കൂടി കടന്ന് പോകുന്ന ഏത് കപ്പലിനേയും പിടിച്ചെടുക്കും': US

സംഘർഷ ബാധിത പ്രദേശം കടക്കാൻ ശ്രമിക്കുന്ന കപ്പലിനെ പിടിച്ചെടുക്കുമെന്നാണ് യുഎസിൻ്റെ ഭീഷണി

'കപ്പലിൻ്റെ പതാക പരി​ഗണിക്കാതെ തടഞ്ഞിരിക്കും;ഹോർമൂസിൽ കൂടി കടന്ന് പോകുന്ന ഏത് കപ്പലിനേയും പിടിച്ചെടുക്കും': US
dot image

തെഹ്റാൻ: ഹോർമൂസിൽ കൂടി കടന്ന് പോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനേയും തടഞ്ഞ് പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. സംഘർഷ ബാധിത പ്രദേശം കടക്കാൻ ശ്രമിക്കുന്ന കപ്പലിനെ പിടിച്ചെടുക്കുമെന്നാണ് യുഎസിൻ്റെ ഭീഷണി. കപ്പലിൻ്റെ പതാക പരി​ഗണിക്കാതെ തടയുമെന്നാണ് യുഎസ് സെൻട്രൽ കമാൻഡിൻ്റെ ഭീഷണി. ഹോർമൂസിൻ്റെ ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് അംഗീകാരമില്ലാതെ പ്രവേശിക്കുകയോ പോകുകയോ ചെയ്യുന്ന ഏതൊരു കപ്പലും തടയാനും വഴിതിരിച്ച് വിടാനും പിടിച്ചെടുക്കാനുമാണ് അമേരിക്കയുടെ തീരുമാനം എന്നാണ് യുഎസ് കമാൻഡ് അറിയിച്ചത്.

എന്നാൽ എന്തുതരത്തിലുള്ള സമ്മർദങ്ങളുണ്ടായാലും ഇറാനെതിരായ യുദ്ധത്തിനോ ഹോർമൂസ് കടലിടുക്ക് ഉപരോധിക്കുന്നതിനോ ഇല്ലെന്ന് ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു. ഹോർമൂസ് തുറക്കണം എന്നാണ് ബ്രിട്ടന്റെ അഭിപ്രായം. അതിനായി ഉപരോധത്തെ പിന്തുണക്കില്ലെന്നും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ബിബിസി റേഡിയോ 5 ലൈവിനോട് സംസാരിക്കവെ ആയിരുന്നു പ്രതികരണം. ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നത് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എന്റെ കാഴ്‌ചപ്പാടിൽ, കടലിടുക്ക് പൂർണ്ണമായും തുറന്നിടേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഞങ്ങൾ അതിനായുള്ള ശ്രമങ്ങളിലാണ്, അത് തുടരുകയും ചെയ്യും," എന്നും സ്റ്റാർമർ വ്യക്തമാക്കി.

പാകിസ്താൻ്റെ മധ്യസ്ഥതയിൽ നടന്ന അമേരിക്കയും ഇറാനുമായുള്ള സമാധാന ചർച്ച ല​ക്ഷ്യത്തിൻ്റെ തൊട്ടടുത്ത് എത്തിയതാണെന്നും എന്നാൽ അമേരിക്ക അവസാന നിമിഷത്തിൽ പ്രകടിപ്പിച്ച എതിർപ്പുകളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി പറഞ്ഞിരുന്നു. 47 വർഷങ്ങൾക്കിടെ നടന്ന ഏറ്റവും പ്രത്യാശ തന്ന ചർച്ചയാണ് കഴിഞ്ഞതെന്നും യുദ്ധം അവസാനിപ്പിക്കുമെന്ന വിശ്വാസം ഇറാനുണ്ടായിരുന്നെന്നും അദേഹം പറഞ്ഞു. എന്നാൽ അമേരിക്ക കരാർ ധാരണയാകുന്നതിന് തൊട്ട് മുൻപ് നിലപാടിൽ നിന്ന് മാറിയെന്നും ഇറാനെതിരായ പല കാര്യങ്ങൾ ചൂണ്ടികാട്ടിയെന്നും അദേഹം കൂട്ടിച്ചേർത്തു.

സമാധന ചർച്ചയിൽ ധാരണയിലെത്തിയ അമേരിക്ക അവസാന നിമിഷം ഗോള്‍ പോസ്റ്റ് മാറ്റി. ചർച്ചയിൽ ഒരു ​​ഗുണവുമുണ്ടായില്ല. നന്മ നല്ല മനസ്സിനെ ജനിപ്പിക്കുന്നു. ശത്രുത ശത്രുതയെ ജനിപ്പിക്കുന്നു എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞത്. എക്സ് പോസ്റ്റിലൂടെയാണ് അബ്ബാസ് അരാ​ഗ്ചി പ്രതികരിച്ചത്. അഞ്ച് പതിറ്റാണ്ടുകൾക്കിടയിൽ നടന്ന ഏറ്റവും ഉന്നത തല ചർച്ചയാണ് കഴിഞ്ഞതെന്ന് മധ്യസ്ഥത വഹിച്ച പാകിസ്ഥാനും അവകാശപ്പെട്ടിരുന്നു. അവസാന നിമിഷം വരെ ഇരുരാജ്യങ്ങളും ലക്ഷ്യത്തിൻ്റെ തൊട്ടടുത്തിയിരുന്നു. എന്നാൽ അമേരിക്ക പറയുന്നത് യുറേനിയം നിർമാണം ഉൾപ്പെടെയുള്ള യുഎസിൻ്റെ പ്രധാന ആവശ്യങ്ങൾ ഇറാൻ അം​ഗീകരിച്ചില്ലെന്നാണ്.

ആറ് ആഴ്ചക്കാലമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായാണ് പാകിസ്താന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്. പക്ഷെ 21മണിക്കൂറോളം നീണ്ട ചർച്ച പാരജയപ്പെടുകയായിരുന്നു. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലാണ് ചർച്ചകൾ നടന്നത്. വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് നയിക്കുന്ന യുഎസ് സംഘവും പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് നയിക്കുന്ന ഇറാൻ സംഘവുമാണ് ചർച്ചകളിൽ പങ്കെടുത്തത്.

Content Highlights: US warns it will intercept and seize any ship trying to pass through the Strait of Hormuz

dot image
To advertise here,contact us
dot image