

ദുബായില്‍ റിയല്‍ എസ്റ്റേറ്റ് വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ഇതു സംബന്ധിച്ച് ധാരണാ പത്രത്തില്‍ ജിഡിആര്‍എഫ്എയും ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റും തമ്മില്‍ ഒപ്പുവച്ചു. ദുബായില്‍ സ്വന്തമായി വസ്തുവകകള്‍ ഉള്ളവര്‍ക്കും നിക്ഷേപകര്‍ക്കും ആശ്വാസം പകരുന്നതാണ് പുതിയ പ്രഖ്യാപനം.
സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കാനും കഴിയുന്ന നിര്‍ദേശങ്ങളാണ് ജിഡിആര്‍എഫ്എയും ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റും തമ്മില്‍ ഒപ്പുവച്ച കരാറിലുള്ളത്. പുതിയ കരാര്‍ പ്രകാരം, ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയിരുന്ന സുപ്രധാനമായ മൂന്ന് റിയല്‍ എസ്റ്റേറ്റ് റെസിഡന്‍സി സേവനങ്ങള്‍ ഇനി മുതല്‍ ജിഡിആര്‍എഫ്എയിലേക്ക് മാറും.
ഗോള്‍ഡന്‍ റെസിഡന്‍സി, റിട്ടയര്‍മെന്റ് റെസിഡന്‍സി, പ്രോപ്പര്‍ട്ടി റെസിഡന്‍സി എന്നീ സേവനങ്ങളാണ് ഇത്തരത്തില്‍ മാറ്റുക. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിക്ഷേപകര്‍ക്ക് വ്യത്യസ്ത ഓഫീസുകളോ പ്ലാറ്റ്ഫോമുകളോ കയറിയിറങ്ങേണ്ടി വരില്ല. എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കും. വകുപ്പുകള്‍ തമ്മിലുള്ള ഡാറ്റാ കൈമാറ്റം എളുപ്പമാകുന്നതോടെ വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യവുമാകുമെന്നും അധികൃതര്‍ ചൂണ്ടികാട്ടി.
ദുബായിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ബിസിനസ്സ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താനും പുതിയ നടപടിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. ഏത് സാഹചര്യത്തിലും ജോലി ചെയ്യാനും താമസിക്കാനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരമായി ദുബായിയെ നിലനിര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബായുടെ സാമ്പത്തിക രംഗം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ടുള്ള 'ദുബായ് ഇക്കണോമിക് അജണ്ട ഡി-33യുടെ ഭാഗമായി കൂടിയാണ് പുതിയ കരാര്‍.
Content Highlights: Authorities in Dubai plan to simplify real estate visa procedures, aiming to attract more foreign investors and boost the property market.