

വാഷിംഗ്ടൺ: ഇറാൻ പ്രസിഡന്റ് വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറന്നാൽ വെടിനിർത്തൽ അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഹോർമൂസ് തുറക്കില്ലെന്നും വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാൻ പ്രതികരിച്ചു.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അവകാശവാദങ്ങൾ ഉയർത്തിയത്. ഇറാനിൽ അധികാരമേറ്റ പുതിയ നേതൃത്വം മുൻഗാമികളെ അപേക്ഷിച്ച് തീവ്രവാദ നിലപാടുകൾ കുറഞ്ഞവരാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. മാത്രമല്ല പുതിയ പ്രസിഡന്റ് ബുദ്ധിശാലിയാണെന്നും ട്രംപ് പറഞ്ഞു.
എന്നാൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് വരെ ഇറാനെതിരെ സൈനിക നീക്കം തുടരുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതവും സ്വതന്ത്രവുമാണെന്ന് ഉറപ്പാക്കുന്നത് വരെ വെടിനിർത്തൽ ചർച്ചകൾക്ക് അമേരിക്ക തയ്യാറാവില്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടയിൽ നാറ്റോ സഖ്യത്തെ കടലാസ് പുലി എന്ന് വിശേഷിപ്പിച്ച ട്രംപിന് മറുപടിയുമായി ഫ്രാൻസും രംഗത്തെത്തി. നാറ്റോ രൂപീകരിച്ചത് ഹോർമൂസ് കടലിടുക്ക് തുറക്കാനല്ലെന്നായിരുന്നു ഫ്രാൻസിന്റെ പ്രതികരണം.
Content Highlights: Donald Trump claimed that Iran had approached the United States seeking a ceasefire