ഇറാനെതിരെ ആഴ്ചകൾ നീളുന്ന കരയുദ്ധത്തിനൊരുങ്ങി പെൻ്റ​ഗൺ; റിപ്പോർട്ട്

ഇറാൻ്റെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപത്തെ ഖാർഗ് ദ്വീപും തീരപ്രദേശങ്ങളും ആക്രമിച്ച് പിടിച്ചെടുക്കാനാണ് അമേരിക്കയുടെ നീക്കം

ഇറാനെതിരെ ആഴ്ചകൾ നീളുന്ന കരയുദ്ധത്തിനൊരുങ്ങി പെൻ്റ​ഗൺ; റിപ്പോർട്ട്
dot image

വാഷിംഗ്ടൺ: ഇറാനെതിരെ ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് പെൻ്റ​ഗൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാൻ്റെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപത്തെ ഖാർഗ് ദ്വീപും തീരപ്രദേശങ്ങളും ആക്രമിച്ച് പിടിച്ചെടുക്കാനാണ് അമേരിക്കയുടെ നീക്കം. കരയുദ്ധവുമായി ബന്ധപ്പെട്ട് റിപ്പോട്ടുകൾ വന്നിട്ടുണ്ടെങ്കിലും ഡോണൾഡ് ട്രംപോ വൈറ്റ് ഹൗസോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാഷിംഗ്ടൺ പോസ്റ്റാണ് പെൻ്റഗൻ്റെ കരയുദ്ധ തയ്യാറെടുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

അതേസമയം കരസേനയെ വിന്യസിപ്പിക്കാതെ തന്നെ ഇറാനെ പരാജയപ്പെടുത്തുകയാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവിച്ചിരുന്നു. വ്യോമാക്രമണങ്ങളിലൂടെ ഇറാനെ പരാജയപ്പെടുത്താനാകുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറയുന്നത്. ഇതിൻ്റെ ഭാഗമായി അമേരിക്ക കൂടുതൽ സൈന്യത്തെ സംഘർഷ ബാധിത പ്രദേശത്തേയ്ക്ക് അയച്ചിട്ടുണ്ട്. 3500 അമേരിക്കൻ സൈനികരെയാണ് പുതുതായി അമേരിക്ക പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തേയ്ക്ക് അയച്ചത്. എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളുമായി അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോലിയാണ് സൈനികരുമായി എത്തിയത്.

ഹോർമൂസ് പിടിച്ചെടുക്കുമെന്ന പ്രതികരണങ്ങൾ നേരത്തെ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ഇറാൻ നിയന്ത്രണത്തിലുള്ള ഹോർമൂസ് കടലിടുക്കിനെ ആശ്രയിച്ചാണ് ആഗോള വ്യാപാരത്തിൻ്റെ 20 ശതമാനവും നടക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാൻ ജലപാതക്കുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയത് ആഗോള വ്യാപാരത്തെ രൂക്ഷമായി ബാധിച്ചിരുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കപ്പലുകൾ കടത്തിവിടില്ലെന്ന ഇറാൻ്റെ തീരുമാനതിന് പുറകെ ഹോർമൂസ് ആക്രമിച്ച് പിടിച്ചെടുക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇറാൻ അമേരിക്കയുടെ ഭീഷണിക്ക് ശക്തമായി മറുപടി നൽകിയിരുന്നു.

Content Highlights: The Pentagon is reportedly preparing for a weeks-long ground war against Iran

dot image
To advertise here,contact us
dot image