രാജാവിനും പടയാളികൾക്കും വിജയത്തുടക്കം; ആദ്യപോരാട്ടത്തില്‍ സൺറൈസേഴ്‌സിനെ വീഴ്ത്തി ആര്‍സിബി

ആര്‍സിബിക്ക് വേണ്ടി വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ഫിഫ്റ്റി നേടി

രാജാവിനും പടയാളികൾക്കും വിജയത്തുടക്കം; ആദ്യപോരാട്ടത്തില്‍ സൺറൈസേഴ്‌സിനെ വീഴ്ത്തി ആര്‍സിബി
dot image

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ വെടിക്കെട്ടോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് വിജയത്തോടെ തുടക്കമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സണ്‍റൈസേഴ്‌സിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി വിജയം സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കോഹ്‌ലിപ്പട മറികടക്കുകയായിരുന്നു.

ആര്‍സിബിക്ക് വേണ്ടി വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ഫിഫ്റ്റി നേടി. പുറത്താകാതെ 38 പന്തില്‍ 69 റണ്‍സ് നേടിയ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 61 റണ്‍സ് നേടിയാണ് ദേവ്ദത്ത് പടിക്കൽ മടങ്ങിയത്.

ചിന്നസ്വാമിയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. ഇഷാന്‍ 38 പന്തില്‍ 80 റണ്‍സെടുത്തു. 22 പന്തില്‍ 31 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസണ്‍, 18 പന്തില്‍ 43 റണ്‍സ് നേടിയ അനികേത് വര്‍മ എന്നിവരുടെ ബാറ്റിങും സണ്‍റൈസേഴ്‌സിന് രക്ഷയായി. ആര്‍സിബിക്കു വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റ് വീതവും, ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിങ്, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ആര്‍സിബിക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ (8) നഷ്ടമായി.എന്നാല്‍ മൂന്നാം നമ്പറില്‍ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് ആര്‍സിബിക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയ 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പടിക്കല്‍ 26 പന്തില്‍ ഏഴ് ഫോറും നാല് സിക്സും പറത്തി 61 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ആര്‍സിബി 8.4 ഓവറില്‍ 110 റണ്‍സിലെത്തിയിരുന്നു. നായകന്‍ രജത് പാട്ടീദാര്‍ (12 പന്തില്‍ 31) റണ്‍സെടുത്ത് വിജയത്തിലേക്കുള്ള യാത്ര എളുപ്പമാക്കി. ജിതേഷ് ശര്‍മ ഗോള്‍ഡന്‍ ഡക്കായെങ്കിലും കോഹ്‌ലിയും ടിം ഡേവിഡും (10 പന്തില്‍ 16*) ചേര്‍ന്ന് ആര്‍സിബിയുടെ ജയം ആധികാരികമാക്കി.

Content Highlights: IPL 2026, RCB vs SRH; Kohli, Padikkal help Bengaluru hammer Hyderabad by 6 wickets

dot image
To advertise here,contact us
dot image