

ടെൽ അവീവ്: നതാൻസിലെ ആണവസമ്പൂഷ്ടീകരണ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലും പരിസര പ്രദേശമായ അറദിലുമാണ് ആക്രമണം നടന്നത്.
നൂറോളം പേർക്ക് പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
ഇറാന്റെ മിസൈൽ ആക്രമണത്തെ തടയാനായി പ്രതിരോധ സംവിധാനം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല എന്നാണ് ചില ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കെട്ടിടങ്ങൾക്ക് മേൽ പതിച്ചു എന്നാണ് ഈ ഉദ്യോഗസ്ഥരുടെ വാക്കുകൾ.
ഡിമോണയിലെ തകർന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഡിമോണയിലെ ആക്രമണത്തിൽ 39 പേർക്കും അറദിൽ എൺപതിലേറെ പേർക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഇതിൽ പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. പത്ത് വയസുള്ള കുട്ടിയും ഇക്കൂട്ടത്തിലുണ്ട്.
ആക്രമണത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേലിന് ഏറെ ദുഷ്‌കരമായ രാത്രിയാണ് കടന്നുപോകുന്നത് എന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ. ഇറാനെതിരെ ആക്രമണം തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം, ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ ആക്രമണം നടത്തിയതോടെയാണ് ലോകത്തെ മുഴുവൻ ആശങ്കയിലാക്കുന്ന യുദ്ധം ആരംഭിക്കുന്നത്. ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയെ അടക്കം കൊലപ്പെടുത്തിയ ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം തുടങ്ങി. ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയുമാണ് ഇറാൻ ആക്രമണം നടത്തിയത്. പിന്നീട് മൂന്ന് രാജ്യങ്ങളും പരസ്പരം ശക്തമായ ആക്രമണം തുടര്‍ന്നു. ഇറാനിൽ ഇതുവരെ 1500ലേറെ പേരാണ് കൊല്ലപ്പെട്ടത്.
Content Highlights : Iran launched missile strikes targeting southern Israel, including areas near Dimona, injuring over 100 people. The attack caused damage in residential areas and heightened concerns due to its proximity to a nuclear facility. The incident marks a major escalation in the ongoing Iran-Israel-US conflict, with both sides increasing military actions.