നയതന്ത്രവിജയം; ഇന്ത്യൻ കപ്പലുകളെ സേഫായി കടത്തിവിട്ട് ഇറാൻ, പ്രവർത്തനങ്ങൾ വിജയം കണ്ടതായി വിലയിരുത്തൽ

ഇന്ത്യയിൽ എൽപിജി പ്രതിസന്ധി അതിരൂക്ഷമായിരിക്കെ കടലിടുക്ക് കടന്ന ഈ കപ്പലുകൾ ആശ്വാസം കൊണ്ടുവരും എന്നാണ് വിലയിരുത്തൽ

നയതന്ത്രവിജയം; ഇന്ത്യൻ കപ്പലുകളെ സേഫായി കടത്തിവിട്ട് ഇറാൻ, പ്രവർത്തനങ്ങൾ വിജയം കണ്ടതായി വിലയിരുത്തൽ
dot image

ന്യൂ ഡൽഹി: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ പ്രവർത്തനങ്ങൾ വിജയം കാണുന്നതായി വിലയിരുത്തൽ. ഇന്ത്യൻ പതാകയേന്തിയ ശിവാലിക്, നന്ദാദേവി എന്ന കപ്പലുകൾ കൂടി ഇന്ന് ഹോർമുസ് കടലിടുക്ക് കടന്നു. സുരക്ഷിതമായിട്ടാണ് ഇവ ഹോർമുസ് കടലിടുക്ക് കടന്നത്. ഇവ രണ്ട് ദിവസത്തിനുള്ളിൽ മുംബൈയിലോ കണ്ട്ല തുറമുഖത്തോ എത്തും എന്നാണ് വിവരം.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് കടന്നത് അഞ്ച് ഇന്ത്യൻ കപ്പലുകളാണ്. ഇന്ത്യയിൽ എൽപിജി പ്രതിസന്ധി അതിരൂക്ഷമായിരിക്കെ കടലിടുക്ക് കടന്ന ഈ കപ്പലുകൾ ആശ്വാസം കൊണ്ടുവരും എന്നാണ് വിലയിരുത്തൽ. രണ്ട് കപ്പലിലും കൂടി 92,700 ടൺ ഏൽപിജിയാണ് ഉള്ളത്. ശിവാലിക് എന്ന കപ്പൽ വെള്ളിയാഴ്ച്ച രാത്രിയാണ് ഹോർമുസ് കടന്നത്. നന്ദാദേവി ഇന്ന് കാലത്താണ് ഹോർമുസ് കടന്നത്.

നേരത്തെ പരിമൾ, പുഷ്പ എന്നീ രണ്ട് കപ്പലുകൾക്കാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയത്. അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത്. ഇന്ത്യയുടെ എണ്ണ കപ്പലുകൾ ആക്രമിക്കില്ലെന്നും ഇറാൻ ഉറപ്പ് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.

നാല് ഫോൺ സംഭാഷണങ്ങളാണ് ഇന്ത്യയും ഇറാനും തമ്മിൽ കപ്പലുകൾ കടത്തിവിടുന്നത് സംബന്ധിച്ച് നടന്നത്. എസ് ജയ്ശങ്കർ നേരിട്ട് നടത്തിയ ഇടപെടലാണ് ഫലം കണ്ടത്. യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയ സമയത്തുതന്നെ ജയ്ശങ്കർ ഇറാനുമായി ബന്ധപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചപ്പോൾ ആ നയതന്ത്രത്തിന് മറ്റൊരു മാനം കൈവരികയായിരുന്നു.

ഇന്ത്യൻ കപ്പലുകൾ ഇനിയും സുരക്ഷിതമായി ഹോർമുസ് കടക്കുമെന്നാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഇറാൻ പ്രതിനിധിയായ മൊഹമ്മദ് ഫത്താലി ഇന്ത്യ ഇറാന്റെ ഉറ്റ സുഹൃത്താണെന്നും ശുഭകരമായ വാർത്തകൾ കേൾക്കാമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ശിവാലിക്, നന്ദാദേവി എന്ന കപ്പലുകൾ ഹോർമുസ് കടന്നത്.

ഇന്ത്യയും ഇറാനും ഒരേ താത്പര്യങ്ങളാണ് കൈക്കൊള്ളുന്നത് എന്നും ഫത്താലി പറഞ്ഞിരുന്നു. സഹകരണവും സുഹൃത്ത്ബന്ധവും വഴി ഉടലെടുക്കപ്പെട്ടതാണ് ഇറാൻ-ഇന്ത്യ ബന്ധം. യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യ പല രീതിയിൽ ഇറാനെ സഹായിച്ചിട്ടുണ്ട് എന്നും ഫത്താലി വ്യക്തമാക്കിയിരുന്നു.

ഷെൻലോങ് എന്ന കപ്പലാണ് സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്ക് കടക്കുന്ന ആദ്യ ഇന്ത്യൻ കപ്പൽ. ലൈബീരിയൻ കപ്പലാണ് ഷെൻലോങ് എങ്കിലും മുംബൈ തുറമുഖത്തേയ്ക്കാണ് കപ്പൽ വരേണ്ടിയിരുന്നത്. നാവിഗേഷൻ സംവിധാനങ്ങളെല്ലാം വിച്ഛേദിച്ച് 'ഡാർക്ക് മോഡി'ൽ ആണ് കപ്പൽ ഹോർമുസ് കടന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്കിനുള്ളിൽ വെച്ച് ഒരു തവണ മാത്രമാണ് കപ്പൽ നാവിഗേഷനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നെ കടലിടുക്ക് കടന്ന ശേഷം മുംബൈയ്ക്ക് സമീപമാണ് കപ്പൽ നാവിഗേഷനിൽ പ്രത്യക്ഷപ്പെട്ടത്. സമുദ്ര സംഘർഷങ്ങളും യുദ്ധങ്ങളും അടക്കം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ കപ്പലുകൾ ഇത്തരത്തിൽ 'ഡാർക്ക് മോഡ്' സംവിധാനം ഉപയോഗിക്കാറുണ്ട്.

dot image
To advertise here,contact us
dot image