

ടെൽഅവീവ്: റെവല്യൂഷണറി ഗാർഡ് കോർപ്‌സ് മേധാവി മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ മാധ്യമം. ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ്പാക്പൂർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേലി ബ്രോഡ്കാസ്റ്ററായ N12 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 260ദിവസം ഐആർജിസി കമാൻഡറായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് പാക്പൂർ.
ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെ തുടർന്നാണ് തൽസ്ഥാനത്ത് നിയമിതനായത്. അതേസമയം ഇക്കാര്യത്തിൽ തെഹ്‌റാൻ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.
ഐആർജിസിയുടെ ശക്തി വർധിപ്പിക്കുക, യുദ്ധസജ്ജമാകുക, സംഘടനയുടെ ഐക്യവും പ്രവർത്തനവും ദൃഢമാക്കുക എന്നീ നിർദേശങ്ങളായിരുന്നു പാക്‌പൂറിന് ലഭിച്ചിരുന്നത്. 2025ലാണ് അയത്തുള്ള അലി ഖമേനി ഇദ്ദേഹത്തെ ഐആർജിസിയുടെ ഉത്തരവാദിത്തം ഏൽപ്പിച്ചത്. കഴിഞ്ഞമാസം യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പുമായി പാക്‌പോർ രംഗത്തെത്തിയിരുന്നു. ഇസ്ലാമിക്ക് റിപ്പബ്ലിക്ക് മുമ്പത്തേക്കാൾ സജ്ജമായി, കാഞ്ചിയിൽ വിരലുമായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്നും പാക്‌പൂർ പറഞ്ഞിരുന്നു.
ഇറാന്റെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് സംരക്ഷണമൊരുക്കാൻ നിയോഗിക്കപ്പെട്ട ഐആർജിസി രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള സ്ഥാപനങ്ങളിലൊന്നാണ്. മാത്രമല്ല രാജ്യത്തിന്റെ സുരക്ഷാ ഘടനയെ തന്നെ കൈകാര്യം ചെയ്യുന്നതും ഐആർജിസിയാണ്. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയിയുടെ ഓഫീസിന് സമീപം വ്യോമാക്രമണം നടന്നിരുന്നു. എന്നാൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഖമനയി മുന്നേതന്നെ തെഹ്‌റാൻ വിട്ടെന്നും സുരക്ഷിതമായ ഇടത്തേക്ക് മാറിയെന്നുമാണ് വിവരം. യുഎസുമായുള്ള സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഖമനയി പൊതുയിടങ്ങളിൽ നിന്നും അപ്രത്യക്ഷമായിരുന്നു.
പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ, പാർലമെന്ററി മുൻ സ്പീക്കർ അലി ലാരിജാനി, പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, ജുഡീഷ്യറി ചീഫ് ഘോലാംഹുസൈൻ മൊഹ്‌സേനി ഐജയ്, ആർമി കമാൻഡർ ഇൻ ചീഫ് അബ്ദുൾ റഹിം മൗസാവി ഹത്താമി എന്നിവർ സുരക്ഷിതരാണെന്നും ജീവനോടെയുണ്ടെന്നും ഇറാന്റെ ന്യൂസ് ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Israeli media reports that IRGC Commander Mohammad Pakpour was killed in a strike by Israel amid heightened tensions with Iran, with the U.S