ഇമ്രാൻ ഖാന്റെ വലത് കണ്ണിന് അവശേഷിക്കുന്നത് 15 ശതമാനം കാഴ്ച മാത്രം; വിദഗ്ധ ചികിത്സ ലഭ്യമാക്കണം: അമിക്കസ് ക്യൂറി

ഇമ്രാൻ ഖാൻ്റെ ആരോഗ്യനില ഗുരുതരമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്

ഇമ്രാൻ ഖാന്റെ വലത് കണ്ണിന് അവശേഷിക്കുന്നത് 15 ശതമാനം കാഴ്ച മാത്രം; വിദഗ്ധ ചികിത്സ ലഭ്യമാക്കണം: അമിക്കസ് ക്യൂറി
dot image

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച് അമിക്കസ് ക്യൂറി അഡ്വ. സൽമാൻ സഫ്ദാർ. ഇമ്രാൻ ഖാൻ്റെ വലത് കണ്ണിൻ്റെ കാഴ്ച ശക്തി 85 ശതമാനം നഷ്ടമായതായാണ് റിപ്പോർട്ടിൽ പറയുന്നത്. പതിനഞ്ച് ശതമാനം കാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇമ്രാൻ്റെ കണ്ണിൽ രക്തം കട്ടപിടിച്ചപ്പോൾ ജയിൽ അധികൃതർ മതിയായ ചികിത്സ ലഭ്യമാക്കാത്തതാണ് കാഴ്ച ശക്തി നഷ്ടമാകാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി പത്തിനാണ് സൽമാൻ സഫ്ദാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി ഗൗരവമായി പരിഗണിച്ച് കാലതാമസമില്ലാതെ തന്നെ ചികിത്സ ലഭ്യമാക്കണമെന്ന് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എത്രയും വേഗം നേത്രരോഗ വിദഗ്ധരുടെ സംഘത്തെ ചികിത്സയ്ക്കായ് ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കാഴ്ച ശക്തി കുറഞ്ഞത് ഇമ്രാനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. മതിയായ ചികിത്സ ലഭിക്കാത്തത് അദ്ദേഹത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒക്ടോബർ വരെ ഇമ്രാന് സാധാരണ പോലെ കാഴ്ചശക്തി ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹവുമായി സംസാരിച്ചതിൽ നിന്ന് വ്യക്തമായതെന്ന് സൽമാൻ സഫ്ദാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പിന്നീടാണ് കാഴ്ചയിൽ മങ്ങലും വ്യക്തത കുറവും ഉണ്ടായത്. ഇക്കാര്യം നിരന്തരം ജയിൽ സൂപ്രണ്ടിനെ അറിയിച്ചിരുന്നു. എന്നാൽ ജയിൽ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇമ്രാൻ പറഞ്ഞതായി സൽമാൻ സഫ്ദാർ റിപ്പോർട്ടിൽ പറയുന്നു.

ഇമ്രാൻ ഖാന്റെ കണ്ണുകളിൽ ഒന്നിന്റെ കാഴ്ച നഷ്ടമാകുന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ പാക് സുപ്രീംകോടതി അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ അധികൃതരോട് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും PIMS ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ എത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഇമ്രാൻ്റെ വലത് കണ്ണിൻ്റെ കാഴ്ച ശക്തി നഷ്ടമായതായി വ്യക്തമായി എന്നാൽ മതിയായ ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ല. ഒരു ഇഞ്ചെക്ഷൻ മാത്രമാണ് നൽകിയതെന്ന കാര്യവും സൽമാൻ സഫ്ദാർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

രണ്ടുവർഷവും നാലുമാസവുമായി റാവൽപിണ്ടി ജയിലിൽ ഏകാന്ത തടവിലാണ് ഇമ്രാൻ ഖാൻ. അദ്ദേഹത്തിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രായത്തിൽ അദ്ദേഹത്തിന് നിരന്തരമായ രക്തപരിശോധന ആവശ്യമാണ്. എന്നാൽ അതിനും അനുമതി നൽകുന്നില്ല. ദന്തരോഗ വിദഗ്ധനെ കാണാനുള്ള അനുമതി ആവശ്യപ്പെട്ടിട്ട് അതും ലഭ്യമാക്കിയിട്ടില്ല. ഇനിയും മതിയായ ചികിത്സ നൽകിയില്ലെങ്കിൽ ഇമ്രാൻ ഖാന്റെ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കും. ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം കുടുംബവുമായും സ്വന്തം അഭിഭാഷകനുമായും ബന്ധപ്പെടാനുള്ള അനുമതി നൽകണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുണ്ട്. അതേസമയം പാക് സൈന്യവും സർക്കാരും ഖാനെ തകർക്കാൻ നടത്തുന്ന നീക്കമാണിതെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ആരോപണം.

Content Highlights: A new report claims former Pakistan Prime Minister Imran Khan has only 15% eyesight in his right eye

dot image
To advertise here,contact us
dot image