

കിടക്കുന്നതിന് മുമ്പ് സുഖമായി കിടന്നുറങ്ങാനുള്ള എല്ലാ തയ്യാറെടുപ്പും നമ്മൾ ചെയ്യും. എന്നാൽ മുടിക്ക് വലിയ പ്രാധാന്യം നൽകാറില്ല. ചിലർ മുടി അഴിച്ചിട്ട് കിടന്നുറങ്ങുമ്പോൾ ചിലർ നന്നായി ഇറുക്കി പിന്നിക്കെട്ടിയാകും ഉറങ്ങാനായി കിടക്കയിലേക്ക് പോകുക. മുടിയുടെയും സ്‌കാൽപ്പിന്റെയും ആരോഗ്യം, നമ്മുടെ ഉറക്കത്തിന്റെ നിലവാരം എന്നിവയെ അടക്കം സ്വാധീനിക്കുന്നതാണ് ഈ ശീലം.
ഹെയർ സ്‌പെഷ്യലിസ്റ്റുമാർ പറയുന്നത് മുടി അഴിച്ചിട്ടാണ് നിങ്ങൾ കിടന്നുറങ്ങുന്നത് എങ്കിൽ സ്‌കാൽപ്പിന് ശ്വസിക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ്. മാത്രമല്ല ഈ രീതി വിയർപ്പും ഈർപ്പവും തലയിൽ അടിഞ്ഞുകൂടാൻ ഇടയാക്കുകയുമില്ല. ഇത് ചൊറിച്ചിലും താരനും ഉണ്ടാവാനുള്ള സാഹചര്യവും ഒഴിവാക്കും. മുടി അഴിച്ചിടുന്നത് അവയുടെ വേരുകൾ പൊട്ടിവരാനുള്ള സാഹചര്യവും ഇല്ലാതാക്കും മുടികൊഴിച്ചിലും ഉണ്ടാകില്ല.
നീളവും കട്ടിയമുള്ള മുടിയുള്ള സ്ത്രീകൾക്ക് മുടി അഴിച്ചിട്ട് കിടക്കുന്നതാണ് ആശ്വാസം. എന്നാൽ നിരന്തരം മറിയുകയും തിരിയുകയും ചെയ്യുമ്പോൾ തലയിണയിൽ മുടി ഉരസും ഇതോടെ മുടി കുരുങ്ങാനും പൊട്ടാനും കാരണമാകും. അയഞ്ഞ മുടിയുമായി ഉറങ്ങിയാൽ ചുരുണ്ടുപോവുകയോ അലങ്കോലമായി തീരുകയും ചെയ്ത രീതിയിലുള്ള മുടിയുമായാകും ഉണരുന്നത്.
അതേസമയം അയഞ്ഞ രീതിയിൽ മുടി പിന്നികെട്ടുകയാണെങ്കിൽ അതിന് ചില ഗുണങ്ങളുണ്ട്. മുടിയിൽ കുരുക്ക് വീഴുന്നത് ഇത് തടയും മാത്രമല്ല പൊട്ടിപോവുകയുമില്ല. ഈ രീതി ഉപകാരമാകുന്നത് നീണ്ട മുടിയുള്ളവർക്കാകും. ഇത് മുടി അലങ്കോലമാകാതെ ഇരിക്കാൻ സഹായിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ മുടി നന്നായി കൈകാര്യം ചെയ്യാനും കഴിയും. എന്നാൽ ഇറുകിയ രീതിയിലാണ് മുടി കെട്ടിവെയ്ക്കുന്നതെങ്കിൽ ഇത് സ്‌കാൽപ്പിലും മുടിയുടെ വേരുകളിലും സമ്മർദം ഉണ്ടാക്കും. ഇത് മുടികൊഴിച്ചിലിലേക്കാകും നയിക്കുക.
കൂടാതെ തലയ്ക്ക് മുന്നിലുള്ള മുടി കൊഴിയുക, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളും ഇതിനെ തുടർന്നുണ്ടാകും. ഇതെല്ലാം ഒഴിവാക്കാൻ അധികം ഇറുക്കമുള്ള രീതിയിലല്ലാതെ സോഫ് സ്‌ക്രഞ്ചിയോ ഫാബ്രിക്ക് റിബണോ മുടി നന്നായി പിന്നിയിട്ട ശേഷം തുമ്പിലായി കെട്ടിവെയ്ക്കാം. റബർ ബാൻഡുകൾ ഒഴിവാക്കുകയാണ് ഉത്തമം.

മുടി കെട്ടിവെച്ച് ഉറങ്ങണോ അതോ അഴിച്ചിട്ട് ഉറങ്ങണോ എന്ന് ചോദിച്ചാൽ മുടിയുടെ നീളം, മുടിയുടെ ഘടന, വ്യക്തിപരമായ സൗകര്യം എന്നിവ കണക്കാക്കിയാണ് ഇത് നിശ്ചയിക്കേണ്ടത്. മുടി ഇറുക്കിയ നിലയിൽ കെട്ടിവെച്ച് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കണം, ഇത് മുടിയുടെ വേരുകളെയാകും ബാധിക്കുക. അയഞ്ഞ രീതിയിൽ മുടി പിന്നിയിടുന്നതോ അഴിച്ചിട്ടോ ഉറങ്ങുന്നതാണ് സുരക്ഷിതവും ആരോഗ്യകരവുമായി രീതി.
Content Highlights: loose hair or braided hair, which is suitable while going to bed