

വജ്രം കൈയിലുള്ളത് ഒരു ആഡംബരമായി കാണുന്നവരാണ് മിക്കവരും. എന്നാൽ കയ്യിലുള്ള വജ്രം മൂല്യമുള്ളത് തന്നെയാണോ എന്ന് ആശങ്ക കൂടാതെ ഉറപ്പിച്ച് പറയാൻ സാധിക്കുമോ?
പറ്റിക്കപ്പെടാനുള്ള സാധ്യതയേറെ ആയതിനാല്‍ ഉപഭോക്താക്കളുടെ മനസിൽ ഈ ചോദ്യം ഉയരുക സ്വാഭാവികമാണ്. ഇതിനുള്ള ഒരു പരിഹാരം മുന്നോട്ട് വെച്ചിരിക്കുകയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അഥവാ ബിഐഎസ്.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മറ്റും കൃത്രിമ വജ്രങ്ങള്‍ യഥാര്‍ത്ഥ വജ്രമെന്ന പേരില്‍ വിറ്റഴിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ പുതിയ ചട്ടങ്ങൾ നിർദേശിച്ചിരിക്കുകയാണ് ബിഐഎസ്. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിപണിയില്‍ ലഭ്യമാകുന്ന വിവിധ തരം വജ്രങ്ങൾ പ്രത്യേക പേരുകളിലായിരിക്കും അറിയപ്പെടുക. നിലവിൽ അത്തരം ഒരു സംവിധാനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വിപണിയിൽ വ്യാജന്മാർ സുലഭമായിരുന്നുതാനും. വജ്ര വ്യാപാരത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന വജ്രത്തിന്റെ മൂല്യം കൃത്യമായി മനസിലാകുന്നതിനും പ്രത്യേക പേരുകൾ സഹായിക്കും.

'ഡയമണ്ട്' അല്ലെങ്കിൽ 'വജ്രം' എന്ന വാക്ക് ഇനിമുതൽ പ്രകൃതിദത്തമായതിന് മാത്രമായിരിക്കും ഉപയോഗിക്കുക. 'വജ്രം' എന്ന വാക്കിന്റെ കൂടെ രത്ന വ്യാപാരികൾക്ക് വേണമെങ്കിൽ 'റിയൽ', 'നാച്ചുറൽ', 'പ്രെഷ്യസ്' 'ജെനുവിൻ' തുടങ്ങിയ പദങ്ങളും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ലാബുകളിലും മറ്റും നിർമിക്കുന്ന വജ്രങ്ങൾ കൃത്യമായും അത് നിർമിച്ച രീതി വ്യക്തമാക്കുന്നതിനായി 'ലബോറട്ടറി ക്രിയേറ്റഡ് ഡയമണ്ട്' അല്ലെങ്കിൽ 'ലബോറട്ടറി ഗ്രോണ്‍ ഡയമണ്ട്' എന്നിങ്ങനെ പൂർണരൂപത്തിൽ തന്നെ പരാമർശിക്കണം. 'എൽജിഡി', 'ലാബ്-ഡയമണ്ട്' തുടങ്ങിയ ചുരുക്കപ്പേരുകള്‍ ഔദ്യോഗിക രേഖകളിലോ പരസ്യങ്ങളിലോ ഉപയോഗിക്കാന്‍ പാടില്ല.
ലാബിൽ നിർമിക്കുന്ന വജ്രങ്ങളിൽ ഒരിക്കലും 'പ്യുവര്‍', 'നാച്ചുറൽ', 'എര്‍ത്ത് ഫ്രണ്ട്ലി', 'കള്‍ച്ചേര്‍ഡ്' തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതും ബിഐഎസ് നിരോധിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണം. കൂടാതെ ഔദ്യോഗിക പേരുകൾ പരാമർശിക്കാതെ ലാബിൽ നിർമിച്ച വജ്രങ്ങൾ വ്യാപാരികൾ തങ്ങളുടെ ബ്രാൻഡ് പേര് ഉപയോഗിച്ച് മാത്രം വിൽക്കുന്നതും ബിഐഎസ് വിലക്കിയിട്ടുണ്ട്.
പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിൽ വരുന്നതോടെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും വജ്ര വ്യാപാരത്തിൽ കൂടുതൽ വ്യക്തത ലഭിക്കും. ഉപഭോക്താക്കൾക്ക് തങ്ങൾ ഉദ്ദേശിക്കുന്ന വജ്രം വാങ്ങിക്കുന്നതിനും അത് എവിടെ ലഭ്യമാകും എന്നതിനെ കുറിച്ചും മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ വ്യക്തതയാണ് ഇതുവഴി ലഭിക്കുക. ഒപ്പം വ്യാജന്മാരെ തിരിച്ചറിയാനും സാധിക്കും.
Content Highlights: The term “diamond” will be restricted exclusively to naturally occurring stones under a new regulation. Lab-grown or synthetic stones will no longer be permitted to use the word “diamond” without clear qualification. The move aims to ensure transparency in the jewellery market and prevent consumer confusion regarding the origin and authenticity of gemstones.