അനുമതിയില്ലാതെ ബിജെപി സ്ഥാപിച്ച ഫ്‌ളക്സ് ബോർഡുകൾക്ക് ഫൈന്‍ ഈടാക്കിയ സംഭവം; റവന്യൂ ഓഫീസര്‍ക്കെതിരെ നടപടി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ബിജെപി ഫ്‌ളക്‌സ് സ്ഥാപിച്ചത്

അനുമതിയില്ലാതെ ബിജെപി സ്ഥാപിച്ച ഫ്‌ളക്സ് ബോർഡുകൾക്ക് ഫൈന്‍ ഈടാക്കിയ സംഭവം; റവന്യൂ ഓഫീസര്‍ക്കെതിരെ നടപടി
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി ഫ്‌ളക്‌സ് സ്ഥാപിച്ചതിന് ബിജെപിക്ക് പിഴയിട്ട സംഭവത്തില്‍ നഗരസഭ റവന്യൂ ഓഫീസര്‍ക്കെതിരെ നടപടി. റവന്യൂ ഓഫീസര്‍ ഷൈനിയെ കൗണ്‍സില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ബിജെപി ഫ്‌ളക്‌സ് സ്ഥാപിച്ചത്. സംഭവത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതു ചൂണ്ടിക്കാട്ടി 19.97 ലക്ഷം രൂപ ചുമത്തിയിരുന്നു. അനധികൃതമായി ഫ്‌ളക്‌സ് സ്ഥാപിച്ചതിനായിരുന്നു നഗരസഭ പിഴ ചുമത്തിയത്. ബിജെപി ജില്ലാ അധ്യക്ഷനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അനുമതി ഇല്ലാതെ ഫ്‌ളക്സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിനു ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമത്തിയ പിഴ അടയ്ക്കാൻ ബിജെപി തയ്യാറായിരുന്നില്ല. നോട്ടീസ് നല്‍കി നാല് ദിവസമായിട്ടും ബിജെപി പിഴയടച്ചിട്ടില്ല. പിഴ രണ്ടു ദിവസത്തിനകം അടയ്ക്കണമെന്ന് കാട്ടിയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റവന്യൂ ഓഫിസര്‍ 23ന് നോട്ടിസ് നല്‍കിയത്. രണ്ടു ദിവസത്തിനുള്ളില്‍ പിഴത്തുക അടച്ച് തുടര്‍നടപടികള്‍ ഒഴിവാക്കണമെന്നായിരുന്നു നോട്ടിസില്‍ പറഞ്ഞിരുന്നത്.

ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ ബിജെപിക്കു നോട്ടിസ് അയച്ചത്. പിഴ നോട്ടിസിന്റെ പകര്‍പ്പ് സഹിതം കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കന്റോണ്‍മെന്റ്, തമ്പാനൂര്‍, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പ്രചാരണാര്‍ഥം ബോര്‍ഡുകള്‍ സ്ഥാപിച്ചതിനും കോര്‍പ്പറേഷന്‍ ബിജെപിക്ക് 36,000 രൂപയുടെ പിഴ നോട്ടിസ് നല്‍കിയിരുന്നു.

Content Highlights: Action against revenue officer for fine levied on flex boards installed by BJP without permission

dot image
To advertise here,contact us
dot image