വി ശിവന്‍കുട്ടിക്കെതിരായ പരാമര്‍ശം; വി ഡി സതീശന്റെ കോലം കത്തിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിളേളര്‍ക്കുണ്ടായല്ലോയെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു

വി ശിവന്‍കുട്ടിക്കെതിരായ പരാമര്‍ശം; വി ഡി സതീശന്റെ കോലം കത്തിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ
dot image

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കോലം കത്തിച്ച് പ്രതിഷേധം. ഡിവൈഎഫ്‌ഐ ആണ് വി ഡി സതീശന്റെ കോലവുമായി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സെക്രട്ടറിയേറ്റിന് മുന്നില്‍വെച്ചാണ് വി ഡി സതീശന്റെ കോലം കത്തിച്ചത്. നിയമസഭയിലെ സാധനങ്ങള്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ് കോണ്‍ഗ്രസുകാര്‍ക്ക് ക്ലാസെടുക്കുന്നതെന്നും ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിളേളര്‍ക്കുണ്ടായല്ലോയെന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞ്.

'അണ്ടര്‍വെയര്‍ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡെസ്‌കിന്റെ മുകളില്‍ കയറിയിരുന്ന് സാധനം മുഴുവന്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ് ക്ലാസെടുക്കുന്നത്. നമ്മള്‍ മര്യാദയ്ക്ക് വന്ന് എഴുന്നേറ്റ് നിന്ന് പോവലല്ല ഓന്റെ പോലെ മറ്റത് കാണിച്ച് വേണം ചെയ്യാന്‍. വാര്‍ത്ത വരും എന്ന് കണ്ടാല്‍ എന്ത് വിഡ്ഢിത്തവും പറയാം എന്നതാണ്. ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിളേളര്‍ക്കുണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താണ് പറയുക' എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ പ്രതിഷേധിച്ച് കെപിസിസി നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണയിലായിരുന്നു പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.

Also Read:

വി ഡി സതീശന്റേത് തരംതാണ പദപ്രയോഗമാണ് എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ മറുപടി. എടാ, പോടാ പദപ്രയോഗം ഒരു പൊതുപ്രവര്‍ത്തകന്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് എന്നും അച്ഛന്റെ പ്രായമുളളവരെ പോലും ധിക്കാരത്തോടെ അധിക്ഷേപിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഗോള്‍വാക്കര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചത് ശിവന്‍കുട്ടിയല്ല വിനായക് ദാമോദര്‍ സതീശനാണെന്നും കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശനെന്നും വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ശിവൻകുട്ടിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു. വി ജോയ് എംഎൽഎയാണ് സ്പീക്കർ എ എൻ ഷംസീറിന് നോട്ടീസ് നൽകിയത്. പൊതുമധ്യത്തിൽ മന്ത്രിയെ അപമാനിച്ചെന്നാണ് പരാതി.

Content Highlights: Remarks against V Sivankutty; DYFI protests by burning V D Satheesan's effigy

dot image
To advertise here,contact us
dot image