

ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപടൽ ആവശ്യപ്പെട്ട് റെസാ പഹ്‌ലവി. ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റിസാ പഹ്‌ലവിയുടെ മകനും ഇറാനിയൻ രാജകുമാരനുമാണ് റെസാ പഹ്‌ലവി. ഇറാനിൽനിന്ന് പലായനം ചെയ്ത പഹ്‌ലവി യുഎസിലാണ് താമസം. ട്രംപിനെതിരെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് പഹ്‌ലവിയുടെ പ്രതികരണം പുറത്തുവരുന്നത്. 'ഇറാൻ ജനതയെ സഹായിക്കാൻ ഇടപെടൂ' എന്നാണ് പഹ്‌ലവി ട്രംപിനോട് സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.
പൊതുജനങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ കഴിഞ്ഞ ദിവസം ട്രംപിനെ 'അഹങ്കാരി' എന്നാണ് ഖമനയി വിശേഷിപ്പിച്ചത്. ട്രംപിന്റെ കരങ്ങളിൽ ഇറാൻ ജനതയുടെ രക്തം പുരണ്ടിരിക്കുന്നു. സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ തലകീഴായി മാറുമെന്നും ഖമനയി പറഞ്ഞിരുന്നു. പ്രതിഷേധക്കാർക്ക് എതിരെയും പ്രതികരിച്ച ഖമനയി ട്രംപിനെ സന്തോഷിപ്പിക്കാൻ വേണ്ടി പ്രതിഷേധക്കാർ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഡിസംബർ 28 ന് ടെഹ്‌റാറിനെ തെരുവിൽ ആരംഭിച്ച പ്രതിഷേധം ഏറ്റവും ഒടുവിലായി ഇറാനിലെ 31 പ്രവിശ്യകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് പിന്നാലെ രാജ്യത്തൊട്ടാകെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. അന്താരാഷ്ട്ര ടെലഫോൺ ലൈനുകളും ലഭ്യമാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിൽ മൂവായിരത്തോളം പേർ അറസ്റ്റിലായെന്നും അറുപതിലധികം പേർ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 25000ത്തിലധികം പേർ കരുതൽ തടങ്കലിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
പ്രതിഷേധക്കാർ ടെഹ്‌റാനിലെ സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു. പഹ്‌ലവി തിരിച്ചു വരുമെന്നും ഏകാധിപതിക്ക് മരണം, ഏകാധിപതികൾ തുലയട്ടെ എന്നടക്കമുള്ള മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധക്കാർ സംഘടിക്കുന്നത്. എന്നാൽ പ്രതിഷേധത്തെ ഏതുവിധേനയും അടിച്ചമർത്തുമെന്ന നിലപാടിലാണ് ഖമനയി. ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറി. ടെഹ്‌റാനില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യ വ്യാപകമായി മാറി. പ്രതിഷേധക്കാരെ അനുകൂലിച്ച് ട്രംപ് ആദ്യ ഘട്ടത്തിൽ തന്നെ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ വെടിവെച്ചാല്‍ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും എന്നായിരുന്നു ട്രംപിൻ്റെ വാക്ക്. ഇതോടെ പ്രതിഷേധം വൻത്തോതിൽ ആളിക്കത്തി. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഉൾപ്പടെ പ്രക്ഷോഭത്തിൽ സജ്ജീവമായി. അമേരിക്കയുടെ പിന്തുണ തുടക്കത്തിൽ തന്നെ ഇറാൻ പ്രതിരോധിച്ചിരുന്നു. ഇറാൻ്റെ സുരക്ഷാ കാര്യങ്ങളിൽ ഇടപ്പെട്ടാൽ നശിപ്പിക്കുമെന്നാണ് ഇറാന്‍ നേതാവ് ആയത്തുള്ള ഖമനയി ആദ്യ ഘട്ടത്തിൽ പറഞ്ഞത്.
Content Highlights : Iran protests; internet shut amid protests, Reza pahlavi's urgent message for US president Donald Trump