കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേർക്കും; കുരുക്കിയത് പത്മകുമാറിന്റെ മൊഴി; പോറ്റിയുമായി 20 വർഷത്തെ ബന്ധം

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി 2004 മുതല്‍ ബന്ധമുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍

കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേർക്കും; കുരുക്കിയത് പത്മകുമാറിന്റെ മൊഴി; പോറ്റിയുമായി 20 വർഷത്തെ ബന്ധം
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലുള്ള ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക കേസില്‍ കൂടി പ്രത്യേക അന്വേഷണസംഘം പ്രതിയാക്കും. ദ്വാരപാലക ശില്‍പപാളികള്‍ പുറത്തേക്ക് കൊണ്ടുപോയത് തന്ത്രി അറിഞ്ഞിരുന്നുവെന്നും തന്ത്രിയുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്നുമുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴിയാണ് തന്ത്രിയെ കുരുക്കിയത്. പ്രതിയാക്കാന്‍ എസ്‌ഐടി കോടതിയുടെ അനുമതി തേടും.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി 2004 മുതല്‍ ബന്ധമുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ബെംഗളൂരുവില്‍ നിന്നാണ് ഈ ബന്ധം തുടങ്ങുന്നത്. 2007 ലാണ് കീഴ്ശാന്തിയുടെ പരികര്‍മിയെന്ന നിലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്ത്രി ശബരിമലയിലെത്തിക്കുന്നത്. പിന്നീട് 2018 ആവുമ്പോഴേക്കും സ്‌പോണ്‍സര്‍ എന്ന നിലയിലേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി മാറുകയായിരുന്നുവെന്നുമാണ് എസ്ഐടി കണ്ടെത്തൽ. സ്‌പോണ്‍സര്‍ ആക്കുന്നതിലും തന്ത്രിക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു. കേരളത്തിന് പുറത്തുനിന്ന് സ്‌പോണ്‍സര്‍ഷിപ്പിന് വേണ്ടി പണം ലഭിച്ചതില്‍ തന്ത്രിയുമായുള്ള ബന്ധം ഉണ്ണികൃഷ്ണന്‍ പോറ്റി ഉപയോഗിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് തന്ത്രിക്കും കൃത്യമായ ധാരണയുണ്ടായിരുന്നു. പോറ്റിയെയും തന്ത്രിയെയും ഒന്നിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് എസ്‌ഐടി തീരുമാനം. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. തന്ത്രിയുമായി പോറ്റിക്കുള്ള ബന്ധം ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ധനും സ്ഥിരീകരിച്ചു. പോറ്റിയെ തന്ത്രിയുടെ മുറിയില്‍വെച്ചുകണ്ടെന്നാണ് ഗോവര്‍ധന്റെ മൊഴി. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ദേവസ്വം ജീവനക്കാരും മൊഴി നല്‍കി.

സ്വര്‍ണക്കടത്ത് കേസില്‍ വെള്ളിയാഴ്ചയാണ് തന്ത്രിയുടെ അറസ്റ്റ് എസ്‌ഐടി രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാള്ളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശചെയ്ത് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും തട്ടിപ്പിന് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പ്രതിയായെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമായി പറയുന്നത്. കേസില്‍ 13ാം പ്രതിയായ കണ്ഠരര് രാജീവര്‌ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

Content Highlights: sabarimala Case kandararu rajeevaru May accussed in Dwarpalaka case

dot image
To advertise here,contact us
dot image