

വാഷിങ്ടണ്‍: ഫിലാഡല്‍ഫിയയിലെ മൗണ്ട് മോറിയ സെമിത്തേരിയിലെ പഴയ കല്ലറകള്‍ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തിയിരുന്നയാൾ അറസ്റ്റിൽ. ജൊനാഥന്‍ ക്രിസ്റ്റ് ഗെര്‍ലാക്ക് എന്ന 34കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ ഇയാളുടെ പക്കല്‍ നിന്ന് ഏകദേശം നൂറോളം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. ഫിലാഡല്‍ഫിയയുടെ പ്രാന്തപ്രദേശത്തുള്ള സെമിത്തേരിക്ക് സമീപം കിടന്ന കാറില്‍ നിന്ന് പൊലീസ് അസ്ഥികളും തലയോട്ടികളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
മൗണ്ട് മോറിയ സെമിത്തേരിയില്‍ മാസങ്ങളായി ഇയാൾ മോഷണം നടത്തിവരികയായിരുന്നു. ഇയാളെ പിടികൂടിയതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്. മൃതദേഹങ്ങള്‍ കൂട്ടിയിട്ട ഒരു അറ ജൊനാഥന്റെ വീട്ടിലുണ്ടായിരുന്നു. ഇത് കൂടാതെ പ്രതിയുടെ വീട്ടിലും സ്റ്റോറേജ് യൂണിറ്റിലുമായി തലയോട്ടികള്‍, കൈകാലുകളിലെ അസ്ഥികള്‍, ജീര്‍ണിച്ച രണ്ട് മൃതദേഹങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. മറ്റ് മൃതദേഹങ്ങളെല്ലാം കെട്ടിത്തൂക്കിയ നിലയിലും നിലത്ത് അടുക്കിവെച്ച നിലയിലുമായിരുന്നു.
ഷെല്‍ഫുകളിലായി അടുക്കിവെച്ച നിലയില്‍ തലയോട്ടികളും ജൊനാഥന്റെ വീട്ടിലുണ്ടായിരുന്നു. കല്ലറകളില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍, മൃതദേഹത്തില്‍ പതിപ്പിച്ചിരുന്ന പേസ്‌മേക്കര്‍ എന്നിവയും പൊലീസ് ആ വീട്ടില്‍ നിന്ന് കണ്ടെത്തി. മോഷണം നടന്ന സമയത്ത് പ്രതിയുടെ വാഹനം പലതവണ സെമിത്തേരിക്ക് സമീപം കണ്ടിരുന്നു. ഇതാണ് ജൊനാഥനെ കുരുക്കാന്‍ പൊലീസിനെ സഹായിച്ചത്. കയ്യില്‍ ഒരു കോടാലിയും ചാക്കുമായി കാറിന് സമീപത്തേക്ക് നടന്ന് പോകുമ്പോഴാണ് ജൊനാഥന്‍ പൊലീസിന്റെ പിടിയിലാകുന്നത്. ചാക്കിനുള്ളില്‍ രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും മൂന്ന് തലയോട്ടികളും മറ്റ് അസ്ഥികളുമുണ്ടായിരുന്നു.
100ലധികം മൃതദേഹങ്ങള്‍ താന്‍ മോഷ്ടിച്ചുവെന്ന് ജൊനാഥന്‍ പൊലീസിനോട് വെളിപ്പെടുത്തി. മൃതദേഹത്തെ അപമാനിക്കല്‍, മോഷണ വസ്തു കൈവശംവെയ്ക്കല്‍, സ്മാരകങ്ങള്‍, ചരിത്രപരമായ ശ്മശാനങ്ങള്‍ എന്നിവ നശിപ്പിക്കല്‍ തുടങ്ങി നൂറോളം വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അതേസമയം എന്തിനാണ് ഇയാള്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് എന്നോ കല്ലറ തുറന്ന് അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നത് എന്നോ വ്യക്തമല്ല.
Content Highlight; A US man was arrested for stealing over 100 sets of human remains from a cemetery, including skulls, and arranging them on shelves, leading to shocking revelations of the bizarre crime