

കീവ്: യുക്രെയ്നെതിരെ ഏറ്റവും നവീനമായ ഹൈപ്പർസോണിക് ഒറെഷ്നിക് മിസൈൽ പ്രയോഗിച്ച് റഷ്യ. റഷ്യുടെ ഏറ്റവും നൂതന ആയുധങ്ങളിലൊന്നാണ് ഒറെഷ്നിക് മിസൈൽ. ഒന്നിൽ അധികം വാർഹെഡുകളോ ആണവപേലോഡുകളെ വഹിക്കാൻ ശേഷിയുള്ളതാണ് റഷ്യയുടെ ഒറെഷ്നിക് മിസൈൽ. ശബ്ദത്തെക്കാൾ പത്തിരട്ടി വേഗതയിലുള്ള മിസൈലാണ് ഒറെഷ്നിക്.
ഒറെഷ്‌നിക് മൊബൈൽ മീഡിയം-റേഞ്ച് ഗ്രൗണ്ട്-ബേസ്ഡ് മിസൈൽ സിസ്റ്റം ഉൾപ്പെടെ ഉയർന്ന കൃത്യതയുള്ള ദീർഘദൂര കര-നാവിക ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയ്നിൽ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധസേന തന്നെയാണ് വ്യക്തമാക്കിയത്. യുക്രെയ്ൻ്റെ ഏത് മേഖലയിലാണ് ഒറെഷ്നിക് മിസൈൽ പരീക്ഷിച്ചതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. 2025 ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വസതി ആക്രമിക്കാൻ യുക്രെയ്ൻ നടത്തിയ നീക്കത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് റഷ്യൻ നിലപാട്.
വ്യാഴാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തിൽ റഷ്യ ആകെ 18 മിസൈലുകളും 242 ഡ്രോണുകളും പ്രയോഗിച്ചതായാണ് യുക്രെയ്ൻ വ്യോമസേന അറിയിച്ചത്. കീവിൽ അർദ്ധരാത്രിയോടെ ആക്രമണം നടന്നതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് നഗരത്തിൻ്റെ മേയർ വിറ്റാലി ക്ലിറ്റ്ഷ്കോയെ ഉദ്ധരിച്ചുള്ള അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ലിവിവിലും റഷ്യൻ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. നഗരത്തിലെ സിവിലിയൻ സൗകര്യങ്ങളെയും റെസിഡൻഷ്യൽ കെട്ടിടങ്ങളെയും ഇത് ബാധിച്ചിട്ടില്ലെന്നാണ് ഇവിടുത്ത മേയറെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
'റഷ്യയുടെ വീണ്ടുവിചാരമില്ലാത്ത നടപടികൾക്ക് ശക്തമായ മറുപടികൾ ഞങ്ങൾ ആവശ്യപ്പെടുന്നു' എന്നായിരുന്നു യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. യൂറോപ്യൻ യൂണിയൻ്റെയും നാറ്റോ രാജ്യങ്ങളുടെയും അതിർത്തിക്ക് സമീപമുള്ള ഇത്തരമൊരു ആക്രമണം യൂറോപ്യൻ ഭൂഖണ്ഡത്തിലെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയും ട്രാൻസ് അറ്റ്ലാന്റിക് സമൂഹത്തെ സംബന്ധിച്ച് ഒരു പരീക്ഷണവുമാണെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
റഷ്യ-യുക്രെയ്ൻ സമാധാന ഉടമ്പടി ഉണ്ടായാൽ യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്ക്കുമെന്ന് നേരത്തെ ഫ്രാൻസും യുകെയും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ റഷ്യ രംഗത്ത് വന്നിരുന്നു. ഭാവിയിലെ ഏതെങ്കിലും സമാധാന കരാറിന്റെ ഭാഗമായി യുക്രെയ്നിൽ വിന്യസിക്കുന്ന യൂറോപ്യൻ സൈനികരെ "നിയമപരമായ ലക്ഷ്യമായി" റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്പിനെ ലക്ഷ്യം വെയ്ക്കാൻ ശേഷിയുള്ള ഒറെഷ്നിക് മിസൈൽ റഷ്യ യുക്രെയ്ന് നേരെ പ്രയോഗിച്ചിരിക്കുന്നത്.
ബുധനാഴ്ച അമേരിക്കൻ സൈന്യം അറ്റ്ലാന്റിക് സമുദ്രത്തിൽ റഷ്യൻ പതാകയുള്ള ഒരു എണ്ണ ടാങ്കർ പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ റഷ്യ രംഗത്ത് വന്നിരുന്നു. 1982 ലെ യുഎൻ സമുദ്ര നിയമ ഉടമ്പടി പ്രകാരം മറ്റ് രാജ്യങ്ങളുടെ അധികാരപരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു രാജ്യത്തിനും അവകാശമില്ല എന്നായിരുന്നു റഷ്യയുടെ നിലപാട്. ഈ ഉടമ്പടിയിൽ പക്ഷെ അമേരിക്ക ഒപ്പ് വെച്ചിട്ടില്ല.
Content Highlights: Russia Fires Hypersonic Oreshnik Missile at Ukraine at Over 10 Times Speed of Sound